എഡിറ്റര്‍
എഡിറ്റര്‍
ഷീല ദീക്ഷിതിനെതിരെ രാഷ്ട്രപതിയ്ക്ക് ബി.ആര്‍.പി ഭാസ്‌കറിന്റെ നിവേദനം
എഡിറ്റര്‍
Thursday 6th March 2014 9:24am

b.r.p-bhasker

കൊച്ചി: ദല്‍ഹി മുന്‍മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ കേരള ഗവര്‍ണറാക്കുന്നതിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്‌കര്‍ രാഷ്ട്രപതിയ്ക്ക് നിവേദനം നല്‍കി.

തോല്‍ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പുനരധിവാസ കേന്ദ്രമായി രാജ്ഭവനെ മാറ്റരുതെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓണ്‍ലൈനായാണ് ബി.ആര്‍.പി ഭാസ്‌കര്‍ രാഷ്ട്രപതിയ്ക്ക് നിവേദനം നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയ നിയമനങ്ങളുമായി മുന്നോട്ടു പോകരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തയാഴ്ചയോടെ ഷീല ദീക്ഷിത് ചുമതലയേല്‍ക്കുമെന്നറിയിച്ചതിന് പിറകെയാണ് ഷീല ദീക്ഷിതിനെതിരെ നിവേദനം സമര്‍പ്പിച്ചിരിയ്ക്കുന്നത്.

അഴിമതിക്കേസുകളില്‍ നിന്ന് സംരക്ഷണം നല്‍കാനാണ് ഷീല ദീക്ഷിതിനെ കേരള ഗവര്‍ണറായി നിയമിച്ചതെന്നും നേരത്തേ ആരോപണമുയര്‍ന്നിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍നിന്നേറ്റ പരാജയത്തിനു ശേഷമാണ് ഷീല ദീക്ഷിത് കേരളത്തിലേക്ക് വരുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ വരവും വിജയവും ഒരുപോലെ ആഘോഷിച്ച സംസ്ഥാനമാണ് കേരളം. ആ നിലയ്ക്ക് കേരളത്തിന് ഷീലയില്‍ നേരിയ അതൃപ്തിയുമുണ്ടെന്നാണ് സൂചന.

കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണവും ഷീലയ്‌ക്കെതിരെയുണ്ട്. കോമണ്‍വെല്‍ത് ഗെയിംസിനായി നടത്തിയ പതിനാല് പ്രോജക്ടുകളില്‍ വിവിധ വകുപ്പുകളിലായി അഴിമതി നടന്നുവെന്നും അതുവഴി സര്‍ക്കാരിന് 198 കോടി നഷ്ടമുണ്ടായി എന്നുമാണ് ആരോപണം.

Advertisement