കൊച്ചി: ദിലീപിന്റെ സഹോദരന്‍ അനൂപിനേയും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയേയും ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യാനാണ് ഇവരെ വിളിപ്പിച്ചതെന്നാണ് സൂചന. ഡി.വൈ.എസ്.പി ആവശ്യപ്പെട്ടതനുസരിച്ചാണ് വന്നതെന്ന് ധര്‍മ്മജന്‍ പ്രതികരിച്ചു.

ചോദ്യം ചെയ്യല്‍ അല്‍പ്പസമയം മുന്‍പ് ആരംഭിച്ചു. നിരവധി പേരെ ഇനിയും ചോദ്യം ചെയ്യാനുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിനിമാരംഗത്തുള്ളവരും അല്ലാത്തവരുമായ ആളുകളുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.


Also Read: ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ്ബ് കളക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി


നാദിര്‍ ഷാ സംവിധാനം ചെയ്ത ‘കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍’ എന്ന ചിത്രത്തില്‍ ഒരു  പ്രധാന വേഷം അവതരിപ്പിച്ചത് ധര്‍മ്മജനാണ്. കൂടാതെ ദിലീപിനൊപ്പം നിരവധി സ്റ്റേജ് ഷോകളിലും ധര്‍മ്മജന്‍ പങ്കെടുത്തിട്ടുണ്ട്.

രണ്ടു ദിവസത്തിനകം സ്രാവുകളെ വെളിപ്പെടുത്തുമെന്ന് നേരത്തേ പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കാക്കനാട് ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.


Don’t Miss: ‘നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്ന് വരും’ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ആരോപണത്തോട് ഇന്നസെന്റ്


കഴിഞ്ഞ ദിവസം അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുംവഴി കേസില്‍ ചില വമ്പന്‍ സ്രാവുകളുണ്ടെന്ന് സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിനുശേഷം ഈ സ്രാവുകള്‍ ആരാണെന്ന് സംബന്ധിച്ച ചര്‍ച്ച മാധ്യമങ്ങളില്‍ തകര്‍ത്ത് നടക്കുന്നതിനിടെയാണ് അടുത്ത വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

സുനിയെ എട്ട് ദിവസം തങ്ങള്‍ക്ക് കസ്റ്റഡിയില്‍ ലഭിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. സുനിയെ കഴിഞ്ഞ ദിവസം അങ്കമാലി കോടതി പതിനെട്ട് വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കേസില്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ നടത്തേണ്ടതുണ്ടെന്നും കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്നും കാണിച്ചാണ് പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്.