ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡി നടത്തിയ ആരോപണങ്ങള്‍ക്കെതിരേ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ രംഗത്തെത്തി. ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലെ മുഖ്യ പങ്കാളികളായി ബ്രിട്ടനിലെ എ എം കാര്‍സ്, എ എം ഫിലിംസ് എന്നീ കമ്പനികളെ നിര്‍ദ്ദേശിച്ചത് ഹൈക്കമ്മീഷനെന്നായിരുന്നു കല്‍മാഡിയുടെ വാദം. ഇതിനെതിരേയാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രസ്താവനയിറക്കിയിരിക്കുന്നത്.

Subscribe Us:

ഗെയിംസുമായി ബന്ധപ്പെട്ട ഗതാഗതത്തിന് ‘എ എം കാര്‍സ്, വാന്‍സ് ‘ എന്ന കമ്പനിയെ നിയോഗിച്ചത് ബ്രിട്ടനിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നുവെന്ന് എംബസിയുടെ നിര്‍ദ്ദശങ്ങള്‍ പാലിക്കുക മാത്രമാണ് ഒളിമ്പിക്‌സ് അസോസിയേഷന്‍ ചെയ്തതെന്നും കല്‍മാഡി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗെയിംസിന്റെ നടത്തിപ്പിനായി തങ്ങള്‍ നിര്‍ദ്ദേശിച്ച ലിസ്റ്റില്‍ കമ്പനി ഉണ്ടായിരുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും മനസ്സിലാക്കാതെയാണ് ഒളിമ്പിക്‌സ് അസോസിയേഷന്‍ കമ്പനിക്ക് പണം നല്‍കിയതെന്നും ഹൈക്കമ്മീഷന്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

നേരേെത്ത ഗെയിംസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുകയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഗെയിംസിനായി കണക്കില്ലാത്ത തുക ചിലവഴിക്കുന്നതിനെതിരേ മുന്‍ കായികമന്ത്രി മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കല്‍മാഡി ആരോപണങ്ങളെയെല്ലാം നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖറിനെ പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയിട്ടുണ്ട്.