എഡിറ്റര്‍
എഡിറ്റര്‍
സ്വന്തം ജീവിതത്തെ ആസ്പദമാക്കി ബ്രിട്‌നി സ്പിയേഴ്‌സ് നോവലെഴുതുന്നു
എഡിറ്റര്‍
Wednesday 7th November 2012 10:15am

ന്യൂദല്‍ഹി: ഈ കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളുമായി ജീവിച്ചിരിക്കുന്നവര്‍ക്കോ മരിച്ചവര്‍ക്കോ എന്തെങ്കിലും സാമ്യമുണ്ടെങ്കില്‍ അത് യാദൃശ്ചികമല്ല. കാരണം പോപ് ഗായിക ബ്രിട്‌നി സ്പിയേഴ്‌സ് എഴുതുന്ന പുതിയ നോവല്‍ സ്വന്തം ജീവിതത്തെ കുറിച്ചാണ്.

സ്വന്തം ജീവിതത്തില്‍ ഉണ്ടായ ഉയര്‍ച്ച താഴ്ച്ചകളും പോപ് താരമായി വളര്‍ന്നതുമാണ് പുതിയ നോവലില്‍ പ്രതിപാദിക്കുക.

Ads By Google

തന്റെ പേഴ്‌സണല്‍ മാനേജരുമായുള്ള അതിരുകടന്ന ബന്ധം ബ്രിട്‌നിയെ മാധ്യമങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാക്കിയിരുന്നു. ബ്രിട്‌നിയും മാനേജര്‍ സാം ലുഫിയുമായുള്ള ബന്ധം ബ്രിട്‌നിയുടെ താരമൂല്യത്തെ മാത്രമല്ല കുടുംബ ബന്ധത്തേയും ഏറെ ഉലച്ചിരുന്നു.

ബ്രിട്‌നിയുടെ അമ്മ ലെയ്ന്‍ സ്പിയേഴ്‌സ് 2008 ല്‍ എഴുതിയ ‘ ത്രൂ ദി സ്റ്റോം’ എന്ന പുസ്തകത്തില്‍ ലുഫിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

തന്റെ മകള്‍ ലുഫിയുടെ നിയന്ത്രണത്തിലാണെന്നും ബ്രിട്‌നിയെ കുടുംബത്തില്‍ നിന്നും അകറ്റുന്നതിനായി ലുഫി ടെലിഫോണ്‍ ബന്ധം വിച്ഛേദിച്ചു എന്നുമൊക്കെയായിരുന്നു ലെയ്ന്‍ തന്റെ പുസ്തകത്തില്‍ എഴുതിയിരുന്നത്. ലെയ്‌നിനെതിരെ ലുഫി മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.

ഈ വിവാദങ്ങളൊക്കെ ബ്രിട്‌നിയുടെ നോവലില്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്‌നി ഇപ്പോള്‍. ഇതിന്റെ ഭാഗമായി ലോക പര്യടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് താരം. കൂടാതെ ഫോക്‌സ് ടി.വിയിലെ ടാലന്റ് ഷോ ആയ ‘ദി ടാലന്റ് എക്‌സ്-ഫാക്ടര്‍’ എന്ന പരിപാടിയുടെ വിധികര്‍ത്താവ് കൂടിയാണ് ബ്രിട്‌നി.

Advertisement