എഡിറ്റര്‍
എഡിറ്റര്‍
ശ്രീലങ്കന്‍ തമിഴ് നേതാക്കളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
എഡിറ്റര്‍
Saturday 16th November 2013 8:55am

david-cameroon

കൊളംബോ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യ സന്ദര്‍ശിച്ച് തമിഴ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി സി.വി. വിഘ്‌നേശ്വരന്‍ ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

2009-ല്‍ അവസാനിച്ച ആഭ്യന്തരയുദ്ധകാലത്തെ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യുദ്ധകാലത്ത് തകര്‍ക്കപ്പെടുകയും പിന്നീട് പുനര്‍നിര്‍മ്മിക്കുകയും ചെയ്ത ജാഫ്‌ന ലൈബ്രറിയും അദ്ദേഹം സന്ദര്‍ശിച്ചു.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു സംഘം അദ്ദേഹത്തെ സ്വീകരിക്കാനായി കാത്തുനിന്നിരുന്നു. യുദ്ധത്തിനിടെ കാണാതായ തങ്ങളുടെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ഇവര്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു.

നിരന്തരം ആക്രമണങ്ങള്‍ക്ക് വിധേയമാകുന്ന ഉദയന്‍ പത്രത്തിന്റെ ഓഫീസും കാമറൂണ്‍ സന്ദര്‍ശിച്ചു.

ശ്രീലങ്കയ്‌ക്കെതിരെ വംശഹത്യ ഉള്‍പ്പെടെയുള്ള യുദ്ധക്കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കാമറൂണിന്റെ സന്ദര്‍ശനം.

കോമണ്‍വെല്‍ത്ത് ഉച്ചകോടിയ്ക്കായാണ് കാമറൂണ്‍ ശ്രീലങ്കയിലെത്തിയത്. സമ്മേളനം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെയാണ് കാമറൂണ്‍ തമിഴ് സ്വാധീന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

1948-ന് ശേഷം ആദ്യമായാണ് ഒരു വിദേശ നേതാവ് ഇവിടെ സന്ദര്‍ശനം നടത്തുന്നത്.

അതിനിടെ 1948-ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്.

Advertisement