ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് കഴിഞ്ഞദിവസം ഒരു അബദ്ധംപറ്റി. സ്വന്തം മകളെ പബ്ബില്‍ മറന്നുവെച്ചു. സംഭവം നിസ്സാരമാണെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ് വയസ്സുള്ള മകളെ പബ്ബില്‍ മറന്നുവെച്ച വാര്‍ത്ത മാധ്യമങ്ങള്‍ ശരിക്കുമാഘോഷിച്ചു. വാര്‍ത്ത കടലുംകടന്ന് മറ്റ് രാജ്യങ്ങളിലേക്കും പറന്നു. ഒടുവില്‍ നടന്നതെന്താണെന്ന്  പ്രധാനമന്ത്രിയുടെ ഓഫീസിന് വിശദീകരണവുമായി രംഗത്തെത്തേണ്ടിയും വന്നു.

ഞായറാഴ്ചയാണ് സംഭവം നടന്നത്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം കാഡ്‌സ്‌ഡെനിലെ പബ്ബിലെ ഉച്ചയൂണ് കഴിക്കാനെത്തിയതായിരുന്നു കാമറൂണ്‍. ഭാര്യ സാമന്തയും ആറ് വയസ്സുള്ള മകള്‍ നാന്‍സിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഭക്ഷണം കഴിഞ്ഞ് കാമറൂണ്‍ മടങ്ങുകയും ചെയ്തു. സാമന്തയും കാമറൂണും വെവ്വേറെ കാറുകളിലാണ് പബ്ബില്‍ നിന്ന് മടങ്ങിയത്. മകള്‍ അച്ഛനോടൊപ്പമുണ്ടെന്ന് സാമന്തയും അമ്മയോടൊപ്പമുണ്ടെന്ന് കാമറൂണും തെറ്റിദ്ധരിച്ചതോടെ സംഗതി പാളി. വീട്ടിലെത്തിയപ്പോഴാണ് ഇരുവരും സത്യം മനസിലാക്കിയത്. പരിഭ്രാന്തനായ കാമറൂണ്‍ തിരികെ പബ്ബിലെത്തുകയായിരുന്നു. പബ്ബിലെ ജോലിക്കാരുമായി കളിതമാശ പറഞ്ഞ് ചിരിച്ചിക്കുന്ന നാന്‍സിയെ കണ്ടപ്പോഴാണ് കാമറൂണിന് സമാധാനമായത്.