ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന് ബ്രിട്ടനില്‍ നിന്നൊരു ക്ഷണം. മുമ്പ് നിരവധി തവണ ബ്രിട്ടന്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഈ ക്ഷണത്തിന് അല്‍പ്പം പ്രാധാന്യമുണ്ട്.

Ads By Google

കാരണം, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ആണ് ആമിറിനെ ക്ഷണിച്ചിരിക്കുന്നത്. അതും കാമറൂണിന്റെ ഔദ്യോഗിക വസതിയായ 10 ഡൗവിങ് സ്ട്രീറ്റിലേക്ക്.

കാമറൂണിന്റെ ഇന്ത്യന്‍ സന്ദര്‍ശനവേളയില്‍ ആമിറുമായി സമയം ചിലവിട്ട കാമറൂണിന് ആമിറിനെ വല്ലാതങ്ങ് ഇഷ്ടമായെന്നാണ് കേള്‍ക്കുന്നത്. ഇനി ലണ്ടനിലേക്ക് വരുമ്പോള്‍ തന്റെ വസതി കൂടി സന്ദര്‍ശിക്കണമെന്നാണ് കാമറൂണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്തായാലും കാമറൂണിന്റെ ക്ഷണം ആമിര്‍ സ്വീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ കുടുംബസമേതം ബ്രിട്ടീഷ് പ്രധാനനമന്ത്രിയുടെ വസതിയിലേക്ക് സന്ദര്‍ശനം നടത്താനാണ് ആമിറിന്റെ തീരുമാനം.

ന്യൂദല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുമായി കാമറൂണ്‍ സംഭാഷണം നടത്തുന്നതിനിടയിലാണ് യൂണിസെഫിന്റെ ബ്രാന്റ് അംബാസിഡറായ ആമിര്‍ എത്തുന്നത്. ആമിറിന്റെ വരവോടെ ആവേശഭരിതരായ വിദ്യാര്‍ത്ഥികള്‍ പിന്നെ കാമറൂണിനെ ശ്രദ്ധിച്ചില്ലെന്നും ചില ആരാധകര്‍ പറയുന്നുണ്ട്.