ലണ്ടന്‍: അഴിമതിയാരോപണങ്ങളില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കെതിരേ ബ്രിട്ടിഷ് മാധ്യങ്ങള്‍ രംഗത്ത്. ബ്ലാറ്ററെ നിശിതമായി വിമര്‍ശിക്കുന്ന തലക്കെട്ടുകളോടെയാണ് പ്രമുഖ പത്രങ്ങള്‍ പുറത്തിറങ്ങിയത്.

ലോകകപ്പ് വേദികള്‍ തിരഞ്ഞെടുത്തതില്‍ അഴിമതിയൊന്നും നടന്നിട്ടില്ലെന്ന ബ്ലാറ്ററിന്റെ പ്രസ്താവനയുമായാണ് ടാബ്ലോയ്ഡ് ദ മിറര്‍ പ്രസിദ്ധീകരിച്ചത്. കൂടെ കുറേ പണക്കെട്ടുകളുടേയും ബ്ലാറ്ററുടേയും ചിത്രവും നല്‍കിയിട്ടുണ്ട്. ബ്ലാറ്റര്‍ ഫിഫയുടെ തലപ്പത്ത് വീണ്ടും അവരോധിക്കപ്പെട്ടാല്‍ അത് ലോകഫുട്‌ബോളിന് തന്നെ നാണക്കേടാണെന്ന് ദ സണ്‍ പറയുന്നു.

ഫിഫയുടെ പ്രസിഡന്റാവാന്‍ ബ്ലാറ്റര്‍ ഹമ്മാമിനേയും മറ്റുള്ളവരെയും കുടുക്കുകയായിരുന്നുവെന്നാണ് പത്രങ്ങളെല്ലാം ഒരേസ്വരത്തില്‍ പറയുന്നത്. ഫുട്‌ബോളിനെക്കുറിച്ച് ഒരുചുക്കും അറിയാത്ത ബ്ലാറ്റര്‍ ഫിഫയുടെ അധ്യക്ഷനായാല്‍ അതിദയനീയമായിരിക്കും എന്നാണ് പത്രങ്ങള്‍ ആരോപിക്കുന്നത്.

എന്നാല്‍ ഇതാദ്യമായിട്ടല്ല ബ്ലാറ്ററിനെതിരേ ബ്രിട്ടിഷ് മാധ്യമങ്ങള്‍ വാളെടുക്കുന്നത്. 2018ലെ ലോകകപ്പ് വേദിക്കായി ഇംഗ്ലണ്ട് നടത്തിയ നീക്കങ്ങള്‍ ഫലപ്രാപ്തിയിലെത്താത്തിന്റെ അരിശമാണ് ബ്രിട്ടനിലെ മാധ്യമങ്ങള്‍ ബ്ലാറ്റര്‍ക്കിട്ട് തീര്‍ക്കുന്നത്.