ലണ്ടന്‍: ലണ്ടന്‍ കേന്ദ്രമായ ഐ.എം.എഫിന്റെ മേധാവിയാകാന്‍ ഫ്രഞ്ച് ധനകാര്യ മന്ത്രിയായ ക്രിസ്റ്റീന്‍ ലഗാര്‍ഡിനെ പിന്തുണക്കുമെന്ന്‌ ബ്രിട്ടന്‍. മുന്‍ മേധാവിയായിരുന്ന സ്‌ട്രോസ് കാന്‍ ലൈംഗികാപവാദ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് ഐ.എം.എഫ് പുതിയ മേധാവിയെ തിരഞ്ഞെടുക്കുന്നത്.

‘ഞങ്ങള്‍ ലഗാര്‍ഡിനെ പിന്തുണക്കുന്നു. അവര്‍ ഈ സ്ഥാനത്തിന് അനുയോജ്യയാണ്. മാത്രവുമല്ല ഐ.എം.എഫിന്റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു സ്തീ അതിന്റെ മാനേജിങ് ഡയറക്ടറായിവരുന്നു എന്നത് വളരെ നല്ല കാര്യമാണ്.’- ബ്രിട്ടീഷ് ചാന്‍സലറായ ജോര്‍ജ് ഓസ്‌ബോണ്‍ പറഞ്ഞു.

എന്നാല്‍ വികസ്വര രാഷ്ട്രങ്ങള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ അധികാരത്തില്‍ കൊണ്ടുവരാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതുകൊണ്ട് ലഗാര്‍ഡിന് ശക്തമായ മല്‍സരത്തെ നേരിടേണ്ടിവരും. ജൂണ്‍ 30-ന് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് ഐ.എം.എഫ് അറിയിച്ചു.