ലണ്ടന്‍: രണ്ട് ദിവസത്തിനകം രാജ്യം വിടാന്‍ ഇറാന്റെ മുഴുവന്‍ നയതന്ത്രജ്ഞരോടും ബ്രിട്ടന്‍ ആവശ്യപ്പെട്ടു. ലണ്ടനിലെ തെഹ്‌റാന്റെ എംബസി അടച്ചുപൂട്ടാനും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി വില്യം ഹേഗ് ഉത്തരവിട്ടു. ഇറാനെതിരെ ബ്രിട്ടന്‍ ഉപരോധം ശക്തിപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച തെഹ്‌റാനിലെ ബ്രിട്ടീഷ് എംബസി ഒരു സംഘം ഇറാന്‍ പൗരന്മാര്‍ കൈയേറിയിരുന്നു. ഇതിനു തിരിച്ചടിയായാണ് ബ്രിട്ടന്റെ പുതിയ നടപടി.

കഴിഞ്ഞ ദിവസം ഇറാനിലെ ബ്രിട്ടീഷ് എംബസി വിദ്യാര്‍ത്ഥികള്‍ അടിച്ചുതകര്‍ത്തിരുന്നു. ഇതേതുടര്‍ന്ന് തിരിച്ചടിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വന്തം മണ്ണില്‍ വിദേശ എംബസികളെ പ്രവര്‍ത്തിക്കാനനുവദിക്കാത്തവരുടെ എംബസി അന്യ രാജ്യത്ത് പ്രവര്‍ത്തിപ്പിക്കാമെന്ന്  കരുതേണ്ടതില്ലെന്ന് ഹേഗ് ഇറാന് മുന്നറിയിപ്പു നല്‍കി. ചൊവ്വാഴ്ച തെഹ്‌റാനിലെ ബ്രിട്ടന്റെ നയതന്ത്ര കോമ്പൗണ്ടിലും കൈയേറ്റം നടന്നിരുന്നു. ഈ സംഭവങ്ങള്‍ ഇറാന്‍ അധികൃതരുടെ ഒത്താശയോടെയാണെന്ന് ഹേഗ് ആരോപിച്ചു.

ബ്രിട്ടീഷ് നയതന്ത്രഞ്ജര്‍ക്ക് ഇറാനില്‍ സുരക്ഷയില്ലാതിരിക്കുമ്പോള്‍ ഇറാനിയന്‍ നയതന്ത്രഞ്ജര്‍ക്ക് ബ്രിട്ടനില്‍ സുരക്ഷിതത്വം നല്‍കാനാവില്ലെന്ന് ഹേഗ് വ്യക്തമാക്കി.

തെഹ്‌റാനിലെ നയതന്ത്രജ്ഞരെ ബ്രിട്ടന്‍ പൂര്‍ണമായി ഒഴിപ്പിച്ച് എംബസി അടച്ചുപൂട്ടിയിട്ടുണ്ട്. ബ്രിട്ടീഷ് നടപടി അത്യധികം ധിറുതി പിടിച്ചതായെന്ന് ഇറാന്‍ വിദേശ മന്ത്രാലയം കുറ്റപ്പെടുത്തി. ഇറാനിലെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കുമെന്ന് ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ബുധനാഴ്ച മുന്നറിയിപ്പു നല്‍കി. ബ്രിട്ടന്റെ നടപടിക്ക് യൂറോപ്യന്‍ യൂണിയന്റെ പിന്തുണയുണ്ടെന്ന് ഡെയ്‌ലി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Malayalam News
Kerala News in English