ന്യൂദല്‍ഹി: കൈക്കൂലി തടയുന്നതിന് കോര്‍പ്പറേറ്റുകളെയും ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ചീഫ് വിജിലന്‍സ് കമ്മീഷണര്‍ പ്രദീപ് കുമാര്‍ അഭിപ്രായപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം.ഒരു വാര്‍ത്താ ഏജന്‍സിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രദീപ് കുമാര്‍ ഇക്കാര്യം പറഞ്ഞത്‌

ബ്രിട്ടനിലെ അഴിമതി നിയമത്തിലുള്ളതുപോലെ കൈക്കൂലി നല്‍കുന്ന ആള്‍ ശിക്ഷിക്കപ്പെടുന്ന വകുപ്പ് ഇവിടെ നിയമത്തില്‍ ഉള്‍പ്പെടുത്തണം. കോര്‍പ്പറേറ്റുകളെ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനും തങ്ങള്‍ എതിരല്ലെന്ന് സി.വി.സി  പറഞ്ഞു.

സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഴിമതി പരിശോധിക്കുന്നതിന് നിലവില്‍ സി.വി.സിക്ക് അധികാരമില്ല. തെറ്റായി കാര്യങ്ങളില്‍ ഇവര്‍ ഇടപെടുന്നതായി ബോധ്യപ്പെട്ടാല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയണം. എല്ലാ സിവില്‍സര്‍വെന്റ്‌സും ശിക്ഷിക്കാന്‍ അധികാരമുള്ള ഒരു ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍വരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യാഗസ്ഥരും കോര്‍പറേറ്റുകളും തമ്മിലുള്ള കുറ്റകരമായ ഗൂഡാലോചന, അഴിമതി എന്നിവ ചൂണ്ടിക്കാണിച്ച് ഇത്തരം കേസുകള്‍ സി.ബി.ഐയ്ക്ക് കൈമാറുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

.