എഡിറ്റര്‍
എഡിറ്റര്‍
വി.എസിന്റെ കത്ത് മാധ്യമസൃഷ്ടി: ബൃന്ദ കാരാട്ട്
എഡിറ്റര്‍
Monday 21st May 2012 9:39am

ന്യൂദല്‍ഹി: സംസ്ഥാന നേതൃത്വത്തിനെതിരേ വി.എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ച കാര്യം സ്ഥിരീകരിക്കുന്നത് മാധ്യമങ്ങള്‍ മാത്രമെന്ന് സി.പി.ഐ.എം പിബി അംഗം
ബൃന്ദാ കാരാട്ട്. രാവിലെ ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയ ബൃന്ദാ കാരാട്ടിനോട് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ആരാഞ്ഞപ്പോഴായിരുന്നു പ്രതികരണം. എന്നാല്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ തയാറായില്ല.

അതേസമയം വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തിന് അയച്ചുവെന്ന് പറയുന്ന കത്ത് അവിടെ ലഭിച്ചിട്ടില്ലെന്നാണ് അറിഞ്ഞതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും പറയുന്നത് ഒന്നല്ല എന്നു വരുത്തി തീര്‍ക്കാനുള്ള മാധ്യമങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണ് കത്ത് വിവാദം എന്നു സംശയിക്കുന്നതായും മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ സമര്‍ഥമായി ഇടപെട്ടിരിക്കുന്നുവെന്നും പിണറായി ആരോപിച്ചു.
വി.എസ് അയച്ചു എന്നു പറയുന്ന കത്തിനെക്കുറിച്ച് ആരും അദ്ദേഹത്തിന്റെ പ്രതികരണം തേടാത്തത് എന്താണെന്നും പിണറായി ചോദിച്ചു.

തന്റെ ആവശ്യങ്ങളില്‍ നേതൃത്വം നിലപാടെടുക്കുന്നില്ലെങ്കില്‍ പ്രതിപക്ഷ നേതാവായി തുടരാന്‍ താല്‍പര്യമില്ലെന്നും സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നും വി.എസ് കത്തില്‍ പറഞ്ഞതായി അറിയുന്നുണ്ട്.

Advertisement