ന്യൂദല്‍ഹി: സൂര്യനെല്ലി വിഷയത്തില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യാക്ഷന്‍  പി.ജെ കുര്യനെതിരെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് സി.പി.ഐ.എം എം.പി ബൃന്ദ കാരാട്ടിന്റെ കത്ത്.

Ads By Google

കേസില്‍ ആരോപണ വിധേയനായ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പദവിയില്‍ നിന്നും രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ബൃന്ദ കാരാട്ട് കത്തയച്ചിരിക്കുന്നത്.

എന്നാല്‍ രാജി വെക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പി.ജെ കുര്യന്‍. താന്‍ നിരപരാധിയാണെന്ന് കോടതിയില്‍ തെളിഞ്ഞ കാര്യമാണെന്നും രാജി വെക്കേണ്ട കാര്യമില്ലെന്നുമാണ് കുര്യന്‍ പറയുന്നത്.

‘രാഷ്ട്രീയ എതിരാളികള്‍ പെണ്‍കുട്ടിയെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ്. രാജ്യത്തെ നീതിപീഠം എന്നെ കുറ്റവിമുക്തനാക്കിയതാണ്. അതിനാല്‍ ആരോപണങ്ങളെ ഞാനെന്തിന് ഭയക്കണം? അതുകൊണ്ട് തന്നെ ഞാന്‍ രാജിവെക്കേണ്ട ആവശ്യമില്ല.’ കുര്യന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

അതേസമയം, കുര്യനെ പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം വീണ്ടും രംഗത്തെത്തിയിരുന്നു. എന്നാല്‍ കേരളത്തില്‍ യുവ മോര്‍ച്ചയടക്കമുള്ള സംഘടനകള്‍ കുര്യന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധപ്രകനടവുമായി എത്തിയിരിക്കുകയാണ്.

എന്നാല്‍ കുര്യനെതിരെ ആരോപണങ്ങളുയര്‍ന്നതുകൊണ്ടു മാത്രം ധൃതിയില്‍ നടപടിയെടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം എന്നാണ് അറിയുന്നത്.