Categories

സ്ത്രീകളുടെ ജോലി പരദൂഷണം പറയലെന്ന് ലീഗ് എം.എല്‍.എയുടെ ആക്ഷേപം; അതേവേദിയില്‍ ചുട്ട മറുപടിയുമായി ബൃന്ദ കാരാട്ട്

പാലക്കാട് : സ്ത്രീകളെ ആക്ഷേപിച്ച ലീഗ് എം.എല്‍.എയ്ക്ക് അതേവേദിയില്‍ മറുപടി നല്‍കി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ട്.

അട്ടപ്പാടിയില്‍ സമഗ്രആദിവാസി വികസന പദ്ധതിയുടെ കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ഉദ്ഘാടനവേദിയിലായിരുന്നു സംഭവം.

സ്ത്രീകളുടെ ജോലി പരദൂഷണം പറയലാണെന്നായിരുന്നു ലീഗ് എം.എല്‍.എ എന്‍ ഷംസുദ്ദീന്റെ പരാമര്‍ശം. സ്ത്രീകളുടെ ജോലി പരദൂഷണം പറച്ചിലാണെന്നും കുടുംബശ്രീ, തൊഴിലുറപ്പുപദ്ധതി എന്നിവ വന്നശേഷം അവര്‍ക്ക് പരദൂഷണം പറയാന്‍ സമയം കിട്ടുന്നില്ലെന്നും ചടങ്ങില്‍ അധ്യക്ഷനായ എന്‍ ഷംസുദ്ദീന്റെ പ്രസംഗത്തിനിടെ പറയുകയായിരുന്നു.

എന്നാല്‍ പിന്നാലെ സംസാരിക്കാനെത്തിയ ബൃന്ദ ചുട്ടമറുപടി തന്നെ ഇതിന് നല്‍കി. സ്ത്രീകളെക്കുറിച്ച് പുരുഷന്മാര്‍ വച്ചുപുലര്‍ത്തുന്ന തെറ്റായ ധാരണകളിലൊന്നാണ് എം.എല്‍.എ അവതരിപ്പിച്ചതെന്നും പുരുഷന്‍മാര്‍ വെറുതെ മദ്യപിച്ചുകൊണ്ടിരിക്കുന്നവരാണെന്ന് താന്‍ പറയുന്നില്ലെന്നും ബൃന്ദ പറഞ്ഞു.


Dont Miss ഉച്ചസമയത്തെ ജോലിക്ക് നിയന്ത്രണം വേണമെന്ന് ലേബര്‍ കമ്മീഷണര്‍; തീരുമാനം കടുത്ത ചൂട് കാരണം


അട്ടപ്പാടിപോലുള്ള ആദിവാസിമേഖലകളില്‍ മദ്യപാനത്തെയും മദ്യമാഫിയയെയും പിന്തുണയ്ക്കരുത്. സ്ത്രീകള്‍ അവകാശങ്ങള്‍ പോരാടി നേടിയെടുക്കേണ്ട സമയമാണിത്. കണ്ണീരോടെയിരിക്കേണ്ടവരല്ല അവര്‍.

ആദിവാസിമേഖലകളില്‍ ഉദ്യോഗസ്ഥര്‍ ജനങ്ങളെ പഠിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളില്‍നിന്ന് കേള്‍ക്കാന്‍ തയ്യാറാകണം. അതിന് തയ്യാറല്ലാത്തവര്‍ക്ക് ആദിവാസികളോട് സംസാരിക്കാന്‍ അവകാശമില്ലെന്നും ബൃന്ദ പറഞ്ഞു.

തൊഴിലുറപ്പു പദ്ധതിയില്‍ ജോലിചെയ്ത് കൂലിവാങ്ങുന്നവരായി മാത്രം സ്ത്രീകള്‍ ഒതുങ്ങരുത്. പദ്ധതി ഓരോപ്രദേശത്തും എങ്ങനെ യാഥാര്‍ഥ്യമാക്കണമെന്ന് അഭിപ്രായം പറയാനും നടപ്പാക്കാനും സ്ത്രീകള്‍ക്കാവണം.

കുടുംബശ്രീ പ്രവര്‍ത്തനത്തില്‍ പുതിയ മാതൃകകള്‍ സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. തൊഴിലുറപ്പുപദ്ധതി ആദിവാസി മേഖലയിലെ കൃഷി പുനരുദ്ധാരണത്തിന് ഉപയോഗിക്കണം.തദ്ദേശസ്ഥാപനങ്ങള്‍ സഹകരിച്ചാല്‍ കുടുംബശ്രീയും തൊഴിലുറപ്പു പദ്ധതിയും ഉപയോഗിച്ച് അട്ടപ്പാടിയില്‍ മാറ്റങ്ങളുണ്ടാക്കാനാകുമെന്നും ബൃന്ദ പറഞ്ഞു.

 

ചിത്രം കടപ്പാട്: ദേശാഭിമാനി

Tagged with: