കോഴിക്കോട്: ഹാദിയ വിഷയത്തിലെ ബൃന്ദാകാരാട്ടിന്റെ പ്രസ്താവനയെ പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണയ്ക്കുന്നത് എന്നതരത്തില്‍ പ്രചരിപ്പിക്കുന്ന സംഘപരിവാറുകാര്‍ക്ക് മറുപടിയുമായി സി.പി.ഐ.എം നേതാവ് കെ.ടി കുഞ്ഞിക്കണ്ണന്‍. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഈ പ്രചരണം ആട്ടിനെ പട്ടിയാക്കുന്ന ഹീനമായ വിദ്വേഷ രാഷ്ട്രീയവും വസ്തുതകളെയും നിലപാടുകളെയും നിരാകരിക്കുന്ന ഫാസിസ്റ്റ് നുണ പ്രചരണവുമാണെന്ന് കെ.ടി കുഞ്ഞിക്കണ്ണന്‍ വ്യക്തമാക്കി.

മതത്തെയും ഇണയെയും തെരഞ്ഞെടുക്കാനുള്ള ഹാദിയയുടെ അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നതാണ് ജനാധിപത്യവാദികള്‍ ഉയര്‍ത്തുന്ന പ്രശ്‌നം. അതിനര്‍ത്ഥം പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിഡന്‍ അജണ്ടയെ പിന്തുണക്കുന്നുവെന്നല്ല. അങ്ങനെ വരുത്തി തങ്ങളുടെ ലൗ ജിഹാദ് കാമ്പയിന് എരിവും പുളിയും ചേര്‍ക്കാനാണ് സംഘികള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് ഇഷ്ടമുള്ള ഇണയെയും മതത്തെയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നത് എങ്ങനെ പോപ്പുലര്‍ ഫ്രണ്ടിനുള്ള പിന്തുണയാവും.’ അദ്ദേഹം ചോദിക്കുന്നു.

സംഘപരിവാറും പോപ്പുലര്‍ ഫ്രണ്ടും ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍ മാത്രമാണെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞുവെക്കുന്നു.
‘സംഘികളെ പോലെ പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ന്യൂനപക്ഷ വര്‍ഗീയ തീവ്രവാദികളും ഇഷ്ടപ്പെട്ട മതവും ഇണയെയും തെരഞ്ഞെടുക്കുന്നതിനെ വിലക്കുന്നവരാണല്ലോ. അവരും സ്ത്രീ വിരുദ്ധ പ്രണയ വിരുദ്ധ മതാധിഷ്ഠിത രാഷ്ടീയം കൊണ്ട് നടക്കുന്നവരാണല്ലോ. രണ്ടും ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍ മാത്രം.’ അദ്ദേഹം പറയുന്നു.


Also Read: ‘കുറുന്തോട്ടിക്കും വാതമോ?’; ഒടുവില്‍ ധോണിയ്ക്കും സ്റ്റമ്പിംഗ് പിഴച്ചു; വിശ്വസിക്കാനാകാതെ ധോണിയും ആരാധകരും, വീഡിയോ കാണാം


ഹാദിയ പ്രശ്‌നം മതരാഷ്ടീയത്തിന്റെയും ഭൂരിപക്ഷ ന്യൂനപക്ഷ തീവ്രവാദത്തിന്റെയും സാമൂഹ്യ സങ്കീര്‍ണ്ണതകളാല്‍ കലുഷിതമാക്കപ്പെട്ടതാണ്. മത വിശ്വാസത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും കേവലമായ വൈകാരികതകള്‍ക്കപ്പുറം പൗരാവകാശങ്ങളുടെയും ഭരണഘടനയുടെ മൗലികാവകാശങ്ങളുടെയും അടിസ്ഥാനത്തില്‍ സമീപിക്കപ്പെടേണ്ട പ്രശ്‌നമാണത്.
എല്ലാം വര്‍ഗീയവല്‍ക്കരിക്കപ്പെടുന്ന സാമൂഹ്യ സാഹചര്യത്തില്‍ മതനിരപേക്ഷമായ ജാഗ്രത ആവശ്യപ്പെടുന്ന വിഷയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹാദിയുടെ വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന ഹരിയാനയിലെ ജാതി പഞ്ചായത്ത് മാതൃകയിലുള്ള വിധിയായിപ്പോയി കോടതിയുടേതെന്ന ബൃന്ദാകാരാട്ടിന്റെ പ്രസ്താവനയെ പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് ബൃന്ദ എന്ന നിലയില്‍ സംഘിപരിവാര്‍ പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ തോതില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് കെ. ടി കുഞ്ഞിക്കണ്ണന്‍ രംഗത്തുവന്നത്.