ന്യൂദല്‍ഹി: നടിക്കെതിരെയുണ്ടായ ആക്രമണത്തെ മറ്റു രീതിയില്‍ വ്യാഖ്യാനിച്ച കൈരളി ചാനല്‍ പരസ്യമായി മാപ്പു പറയേണ്ടിവന്നെന്ന് പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. എന്‍.ഡി ടി.വി വെബ്‌സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് പാര്‍ട്ടി ചാനലിനെയും കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനെയും ബൃന്ദാ കാരട്ട് വിമര്‍ശിച്ചത്.


Also read ‘ഞാന്‍ എന്തിനു തലയില്‍ തുണിയിട്ട് നടക്കണം? എന്നെ അപമാനിച്ചവനാണ് അതൊക്കെ ചെയ്യേണ്ടത്’: നടിയുടെ നിശ്ചയദാര്‍ഢ്യം അത്ഭുതപ്പെടുത്തിയെന്ന് ഭാഗ്യലക്ഷ്മി


‘നടിയെ അപമാനിക്കുന്ന തരത്തിലുള്ള വാര്‍ത്തയാണ് കൈരളി ചാനല്‍ റിപ്പോര്‍ട്ടു ചെയ്തത്. ചാനല്‍ പരസ്യമായി മാപ്പു പറയേണ്ടിവന്നു. ഇത്തരത്തില്‍ വാര്‍ത്ത സെന്‍സേഷണലൈസ് ചെയ്തു റിപ്പോര്‍ട്ടു ചെയ്ത മറ്റു ചാനലുകളും മാപ്പു പറയണം.’ കൈരളിയുടെ പേരു പറഞ്ഞുകൊണ്ടുതന്നെ ബൃന്ദ കുറിക്കുന്നു.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി ചാനല്‍ നല്‍കിയ വാര്‍ത്തയില്‍ നടിയും പ്രതിയും തമ്മില്‍ ബന്ധമുണ്ടെന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഇത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

നടിക്കെതിരെയുള്ള ആക്രമണം ഒറ്റപ്പെട്ടതാണെന്ന് പറഞ്ഞ കോടിയേരിക്കുള്ള മറുപടിയായി, കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കണക്കുകള്‍ വെളിപ്പെടുത്തുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ലിസ്റ്റും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ സംഭവത്തെ പ്രാധാന്യം കുറച്ചുകാണുന്നത് തീര്‍ത്തും തെറ്റാണെന്നു പറഞ്ഞുകൊണ്ടാണ് ബൃന്ദ കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇത് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്നെന്നും ബൃന്ദ പറയുന്നു.

‘ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കു പ്രകാരം 2014ല്‍ ദേശീയ ശരാശരി 56.3% ആണ്്. എന്നാല്‍ കേരളത്തില്‍ ഇത് 63ആണ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.’ ബൃന്ദ ലേഖനത്തില്‍ പറയുന്നു.

കേരളത്തില്‍ അതിക്രമം നേരിടുന്ന സ്ത്രീകള്‍ പരാതി നല്‍കാന്‍ തയ്യാറാവുന്നതാണ് ഇതിനു കാരണമെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. ചിലപ്പോള്‍ അതു ശരിയാവാം. എന്നാല്‍ ഇടതുപക്ഷത്തിനു ശക്തമായ അടിത്തറയുള്ള കേരളം പോലൊരു പുരോഗമന ചിന്താഗതിയുള്ള സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് പരിശോധിക്കാതിരിക്കുന്നത് സ്വയം തോല്‍പ്പിക്കലാവുമെന്നും ബൃന്ദ മുന്നറിയിപ്പു നല്‍കുന്നു.

ഇത്തരം വാസ്തവങ്ങളെ എങ്ങനെ നേരിടാമെന്നതാണ് ലിംഗസമത്വം ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട ഇടതുസര്‍ക്കാറിനു മുന്നിലുള്ള വെല്ലുവിളിയെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു