ഡാര്‍ജിലിംഗ് : പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയില്‍ ബിജന്‍ബാരിയില്‍ പാലം തകര്‍ന്ന് 34 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരുക്കേറ്റു. ഗോര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ യോഗം കാണാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.

ഗോര്‍ഖ ജനമുക്തി മോര്‍ച്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ നേതാക്കള്‍ പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ നൂറിലധികം ആളുകള്‍ പഴക്കംചെന്ന തടിപ്പാലത്തില്‍ കയറി നിന്നതാണ് അപകടത്തിന് കാരണമായത്. അമിതഭാരവും കാലപ്പഴക്കവുമാണ് പാലം തകരാന്‍ കാരണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സൗമിത്ര മോഹന്‍ പറഞ്ഞു.

സെപ്തംബര്‍ 18നുണ്ടായ ഭൂചലനത്തില്‍ പാലത്തിന് വിള്ളലുകളും കേടുപാടുകളും സംഭവിച്ചിരുന്നു.

മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 2 ലക്ഷം രൂപ നഷ്ട പരിഹാരത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവസ്ഥലവും പരുക്കേറ്റവരെയും ഇന്ന് സന്ദര്‍ശിക്കും.