ലണ്ടന്‍: കോഴ വിവാദത്തില്‍ പെട്ട് പ്രതാപം നഷ്ടപ്പെട്ട പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് മേല്‍ വീണ്ടും കോഴ വിവാദം. തത്സമയ ഒത്തുകളിയുടെ പേരില്‍ പാക് ടീമിന്റെ മുന്‍ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്, ബൗളര്‍മാരായ മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവര്‍ ഇംഗ്ലണ്ടില്‍ ജയിലിലടക്കപ്പെട്ടതിനു പിന്നാലെ മുന്‍ പാക് താരവും ലെഗ്‌സ്പിന്നറുമായ ഡാനിഷ് കനേരിയയും ഒത്തുകളിയില്‍ കുടുങ്ങുമെന്ന അവസ്ഥയിലാണ്.

കൗണ്ടി ടീം എസ്സക്‌സിന്റെ താരമായ കനേരിയ പണം കൈപ്പറ്റി കൂടുതല്‍ റണ്‍ വഴങ്ങാന്‍ ടീമംഗവും ബൗളറുമായ മെര്‍വിന്‍ വെസ്റ്റ്ഫീല്‍ഡിനെ പ്രേരിപ്പിച്ചുവെന്നാണ് കേസ്. ഇതുകൂടി വന്നതോടെ പാക്കിസ്ഥാന്‍ ടീമിന്റെ ശക്തമായ തിരിച്ചുവരവിന് മങ്ങലേറ്റിരിക്കുകയാണ്.

2009ല്‍ ഡേറവുമായുള്ള 40 ഓവര്‍ കൗണ്ടി ക്രിക്കറ്റ് മത്സരത്തിലാണ് തത്സമയ ഒത്തുകളി നടന്നത്. മത്സരത്തിലെ ആദ്യ ഓവറില്‍ 12 റണ്‍സ് വഴങ്ങുന്നതിന് 66000 ഡോളര്‍ കിട്ടിയതായി വെസ്റ്റ്ഫീല്‍ഡ് സമ്മതിച്ചിരുന്നു. ഈ ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്തില്ലെങ്കിലും അദ്ദേഹം 10 റണ്‍സ് വഴങ്ങി.

കോടതിയില്‍ നല്കിയ മൊഴിയിലാണ് കനേരിയ കോഴ കൈപ്പറ്റാന്‍ തന്നെ പ്രേരിപ്പിച്ചുവെന്ന് വെസ്റ്റ്ഫീല്‍ഡ് വെളിപ്പെടുത്തിയത്. കോഴ കൈപ്പറ്റി മത്സരം ഒത്തുകളിച്ചുവെന്ന കുറ്റത്തിന് ശിക്ഷ കാത്തുകഴിയുകയാണ് വെസ്റ്റ്ഫീല്‍ഡ്.

സംഭവവുമായി ബന്ധപ്പെട്ട് 2010ല്‍ കനേരിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും തെളിവില്ലെന്ന കാരണത്താല്‍ അന്ന് വിട്ടയയ്ക്കുകയായിരുന്നു.എന്നാല്‍ വെസ്റ്റ്ഫീല്‍ഡിന്റെ മൊഴി കനേരിയയെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്. കനേരിയക്കു പുറമെ എസ്സക്‌സ് ടീമിലെ ടോണി പല്ലാഡിനോയും പങ്കാളിയാണെന്ന് വെസ്റ്റ്ഫീല്‍ഡ് വെളിപ്പെടുത്തിയിട്ടുണ്ട്.

അറസ്റ്റിനുശേഷം നടന്ന പാക് ടീം തിരഞ്ഞെടുപ്പുകളില്‍ കനേരിയയെ പാക് ക്രിക്കറ്റ് ബോര്‍ഡ് പരിഗണിച്ചിരുന്നില്ല. ഒത്തുകളി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എത്തിക്‌സ് കമ്മീഷന്റെ ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ ടീമിലെടുക്കൂവെന്ന് കനേരിയയോട് പറഞ്ഞിരുന്നു.

Malayalam News

Kerala News In English