മലപ്പുറം: ഏറനാട് മണ്ഡലത്തില്‍ തന്നെ മല്‍സരിപ്പിക്കാതിരിക്കാന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പന്‍ കോഴ വാങ്ങിയെന്ന ആരോപണവുമായി പി.ബി അന്‍വര്‍ രംഗത്ത്. ഏറനാട് മണ്ഡലത്തില്‍ യു.ഡി.എഫിനെ സഹായിക്കാന്‍ 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന ആരോപണമാണ് അന്‍വര്‍ ചന്ദ്രപ്പനെതിരേ ഉന്നയിച്ചിരിക്കുന്നത്.

നേരത്തേ മണ്ഡലത്തില്‍ അന്‍വറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍ ചന്ദ്രപ്പന്റെ കടുത്ത എതിര്‍പ്പുമൂലം അന്‍വറിന് സ്ഥാനാര്‍ത്ഥിത്വം നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് മണ്ഡലത്തില്‍ സി.പി.ഐ.എമ്മിന്റെ രഹസ്യപിന്തുണയോടെ മല്‍സരിച്ച് അന്‍വര്‍ രണ്ടാമതെത്തിയിരുന്നു. ഇവിടെ സി.പി.ഐ സ്ഥാനാര്‍ത്ഥി ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കും പിറകില്‍ നാലാമതായിട്ടായിരുന്നു എത്തിയത്.

കൊല്ലത്തെ ഒരു കശുവണ്ടി വ്യവസായിയില്‍ നിന്ന് ചന്ദ്രപ്പന്‍ 25 ലക്ഷം വാങ്ങിയതെന്നാണ് അന്‍വറിന്റെ ആരോപണം. ചന്ദ്രപ്പന്റെ മകന് എന്‍ജിനീയറിംഗ് കോളേജില്‍ സീറ്റ് തരപ്പെടുത്തുക്കൊടുക്കാമെന്ന് വ്യവസായി സമ്മതിച്ചിരുന്നതായും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ ദയനീയ തോല്‍വി ഇതിനകംതന്നെ പടലപ്പിണക്കങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. തോല്‍വിയെക്കുറിച്ച് വിശദീകരിക്കണമെന്ന് എം.റഹ്മത്തുള്ളയോട് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സി.പി.ഐ വിട്ട് ലീഗ് അംഗത്വം സ്വീകരിച്ച റഹ്മത്തുള്ളയുടെ നടപടി അണികള്‍ക്കിടയില്‍ അമ്പരപ്പുളവാക്കിയിരുന്നു.