എഡിറ്റര്‍
എഡിറ്റര്‍
‘ബ്രെന്‍ഡി കൊടുങ്കാറ്റ് അവസാനിച്ചിട്ടില്ല’; മക്കല്ലം ക്രിക്കറ്റ് മൈതാനത്തിലേക്ക് തിരിച്ചെത്തുന്നു
എഡിറ്റര്‍
Wednesday 1st March 2017 5:12pm

 

വെല്ലിംങ്ടണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബ്രണ്ടന്‍ മക്കല്ലം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. നാറ്റ്‌വെസ്റ്റ് ടി-20 ടൂര്‍ണ്ണമെന്റില്‍ ബാറ്റേന്താനാണ് താരം തീരുമാനിച്ചിരിക്കുന്നത്.


Also read ഗുര്‍മെഹറിന് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശം ഉണ്ട്; ബലാത്സംഗം ചെയ്യുമെന്ന ഭീഷണി ‘തറ’ പരിപാടിയാണ്; നിലപാട് വ്യക്തമാക്കി സെവാഗ് 


ടൂര്‍ണ്ണമെന്റില്‍ തന്റെ മുന്‍ ടീമായ മിഡ്ല്‍സെക്‌സ്‌നു വേണ്ടി തന്നെയാണ് മക്കല്ലം ഈ സീസണിലും ഇറങ്ങുക. കഴിഞ്ഞ ആറു വര്‍ഷത്തോളം മിഡ്ല്‍സെക്‌സിന്റെ നെടും തൂണായിരുന്ന താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചതിനെത്തുടര്‍ന്നായിരുന്നു ക്ലബ്ബുമായുള്ള കരാര്‍ ഉപേക്ഷിച്ചത്.

മൂന്ന് ഫോര്‍മാറ്റുകളിലുമായി 400ലധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം ലോകമെമ്പാടും ആരാധകരുള്ള ന്യൂസിലാന്‍ഡിന്റെ ചുരുക്കം താരങ്ങളില്‍ ഒരാളാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി കരിയര്‍ ആരംഭിച്ച മക്കല്ലം തന്റെ അക്രമണോത്സുക ബാറ്റിംങ് ശൈലിയിലൂടെയാണ് ക്രിക്കറ്റ് ആരാധകരുടെ മനസ്സ് കീഴടക്കിയിരുന്നത്.

കഴിഞ്ഞ സീസണില്‍ ടി-20 മത്സരങ്ങള്‍ക്കിറങ്ങിയിരുന്ന താരത്തിന്റെ ബാറ്റിംങ് ആവറേജ് 33 ആണ്. 87 റണ്‍സായിരുന്ന താരത്തിന്റെ സീസണിലെ ഉയര്‍ന്ന സ്‌കോര്‍. മിഡില്‍സെക്‌സ് ടീമിന്റെ സംഘത്തോടൊപ്പം ജൂലൈ ആദ്യത്തോടെ ചേരുമെന്നാണ് മക്കല്ലം അറിയിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി വരാനുള്ള തീരുമാനം എടുക്കാന്‍ തനിക്ക് രണ്ട് തവണ ആലോചിക്കേണ്ടി വന്നില്ലെന്നും മക്കല്ലം പറയുന്നു.

ന്യൂസിലാന്‍ഡ് മുന്‍ നായകന്‍ ഡാനിയന്‍ വെട്ടോറിയാണ് മിഡില്‍സെക്‌സിന്റെ പരിശീലകന്‍. മക്കല്ലം ടീമിലേക്ക് തിരിച്ചെത്തുന്നു എന്നത് ടീമിന് ഊര്‍ജ്ജമേകുന്ന കാര്യമാണെന്നും താരത്തിന്റെ തീരുമാനത്തില്‍ ക്യാമ്പ് ആവേശത്തിലാണെന്നും ടീം ഡയറക്ടര്‍ ആംഗസ് ഫ്രേസര്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതിനു മുമ്പ് 101 ടെസ്റ്റിലും 260 ഏകദിനങ്ങളിലും 71 ടി-20 മത്സരങ്ങളിലും ന്യൂസിലാന്‍ഡിനായി കളത്തിലിറങ്ങിയ മക്കല്ലം 14,000 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ന്യൂസിലാന്‍ഡിനായി ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ റെക്കോര്‍ഡും മക്കല്ലത്തിന്റെ പേരിലാണ് 398 സിക്‌സറുകളാണ് താരം ടീമിനായി നേടിയിരിക്കുന്നത്.

Advertisement