ബ്രസീല്‍: ചിരവൈരികളായ അര്‍ജന്റീനക്കെതിരെ ബ്രസീലിന് വിജയം. ബെലമില്‍ നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ രണ്ട് ഗോളിനാണ് ബ്രസീലിന്റെ യുവനിര അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. പത്തൊന്‍പതുകാരനായ ലൂക്കാസും പുത്തന്‍ താരോദയം നെയമറുമാണ് അര്‍ജന്റീനന്‍ വലയില്‍ ഗോളുകള്‍ നിക്ഷേപിച്ചത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക ശേഷം രണ്ടാം പകുതിയുടെ അമ്പത്തിമൂന്നാം മിനിറ്റില്‍ ലൂക്കാസാണ് ബ്രസീലിനായി ആദ്യ ഗോള്‍ നേടിയത്. ലാറ്റിനമേരിക്കന്‍ അണ്ടര്‍20 ടൂര്‍ണമെന്റില്‍ കാഴ്ച വച്ച മിന്നുന്ന ഫോം തുടര്‍ന്ന ലൂക്കാസ് സ്വന്തം ഹാഫില്‍നിന്ന് ലഭിച്ച പന്തുമായി അമ്പത് മീറ്ററോളം ഒറ്റക്ക കുതിച്ചാണ് ആദ്യ ഗോള്‍ നേടിയത്.

ബ്രസീലിന്റെ പുത്തന്‍ താരോദയമായ നെയ്മര്‍, 76ാം മിനിറ്റില്‍ ടീമിന്റെ ലീഡുയര്‍ത്തി. ഡീഗോ സോസയുടെ ക്രോസ് സ്വീകരിച്ച് നെയ്മര്‍ ക്ലോസ് റേഞ്ചറിലൂടെ അര്‍ജന്റീനന്‍ ഗോളിയെ മറികടന്ന് പന്ത് വലയിലേക്ക് പായിക്കുകയായിരുന്നു. വെറ്ററന്‍ താരം റൊണാള്‍ഡീഞ്ഞോ മഞ്ഞ ജഴ്‌സിയില്‍ ബ്രസീലിനായി ഇറങ്ങിയിരുന്നു. റൊണാള്‍ഡീന്യോയാണ് ടീമിനെ നയിച്ചത്. ബ്രസീലിന് കിട്ടിയ അവസരങ്ങള്‍ മുഴുവന്‍ ഗോളായിരുന്നെങ്കില്‍ സ്‌കോര്‍ നില ഇതിലുമുയര്‍ന്നേനെ.

രണ്ട് ഫ്രീകിക്കടക്കം നിരവധി അവസരങ്ങള്‍ ഒത്ത് കിട്ടിയിട്ടും ഗോള്‍ നേടാന്‍ റൊണാള്‍ഡീന്യോക്ക് കഴിഞ്ഞില്ല. നേരത്തേ, റൊണാള്‍ഡീന്യോയുടെ ക്രോസില്‍ ലഭിച്ച സുവര്‍ണാവസരം നെയ്മറും പാഴാക്കിയിരുന്നു.