റിയോ ഡി ജനീറോ: ബ്രസീലിയന്‍ കോണ്‍ഫഡറേഷന്‍ ഓഫ് സോക്കര്‍(സി.ബി.എഫ്) പ്രസിഡന്റ് റിക്കാര്‍ഡോ ടെക്‌സീറ രാജിവച്ചു. അഴിമതി ആരോപണങ്ങളെത്തുടര്‍ന്നാണ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തെ 22 വര്‍ഷത്തെ സേവനം മതിയാക്കി ടെക്‌സീറ മടങ്ങുന്നത്. 2014 ല്‍ ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ പ്രാദേശിക സംഘാടകസമിതി പ്രസിഡന്റ് സ്ഥാനത്തു നിന്നും അദ്ദേഹം പിന്‍മാറിയിട്ടുണ്ട്.

ബ്രസീലും പോര്‍ച്ചുഗലുമായി 2008 ല്‍ നടന്ന ഒരു സൗഹൃദമല്‍സരത്തിനു ലഭ്യമാക്കിയ പൊതുധനം വിനിയോഗം ചെയ്തതിലും ടെക്‌സീറയ്‌ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ഈ മല്‍സരത്തില്‍ ബ്രസീലിന് 40 ലക്ഷം ഡോളറാണ് ചെലവു വന്നത്. അതേസമയം, ഇതില്‍ പകുതിയില്‍ അദ്ദേഹത്തിന്റെ മകളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പോയതെന്നാണ് ചെക്കുകള്‍ പരിശോധിച്ച പൊലീസ് സംഘം കണ്ടെത്തിയത്.

ദേശീയ ടീമിന്റെ വിദേശപര്യടനങ്ങളില്‍ ഒപ്പം കൂടിയ ശേഷം വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങി പരിശോധന കൂടാതെ രാജ്യത്തെത്തിച്ചുവെന്ന ആരോപണവും ടെക്‌സീറ നേരിടുന്നുണ്ട്.

ആരോഗ്യ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ദിവസങ്ങള്‍ക്കു മുന്‍പ് ടെക്‌സീറ ലീവില്‍ പ്രവേശിച്ചിരുന്നു. അതേസമയം, അഴിമതിയാരോപണങ്ങളില്‍ ഉണ്ടായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ടെക്‌സീറ ലീവില്‍ പ്രവേശിച്ചതെന്ന് മാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു.

1989 ജനുവരി 16ന് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത അദ്ദേഹം നീണ്ട 23 വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷമാണ് സ്ഥാനമൊഴിഞ്ഞത്. ടെക്‌സേര പ്രസിഡന്റ് പദവിയിലുള്ളപ്പോഴായിരുന്നു 1994 ലും 2002 ലും ബ്രസീല്‍ ലോകകപ്പ് നേടിയത്. അടുത്തിടെ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് ടെക്‌സേര സമ്മര്‍ദ്ധത്തിലായിരുന്നു.

ആരോപണങ്ങള്‍ അദ്ദേഹം പലതവണ നിഷേധിച്ചിട്ടുള്ളതാണെങ്കിലും അതുതന്നെയാണ്‌ രാജിയ്ക്ക് കാരണമായതെന്നു തന്നെയാണ് അറിയുന്നത്.  ടെക്‌സേരയുടെ രാജിയുടെ പശ്ചാത്തലത്തില്‍ മുന്‍ സാവോ പോളോ ഗവര്‍ണര്‍ ജോസ് മരിയ മെറിനെ ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റായും ലോകകപ്പ് സംഘാടക സമിതി അംഗമായും നിയമിച്ചു.

Malayalam news

Kerala news in English