പോര്‍ട്ട് എലിസബേത്ത് : കാല്‍പന്തു കളിയുടെ കലാകാരന്‍മാര്‍ പോര്‍ട്ട് എലിസബത്തില്‍ തളര്‍ന്നു. കളിയില്‍ ഒന്നാം ഗോള്‍ നേടിയെങ്കിലും ജയം ഓറഞ്ചുപട കൊത്തിയെടുത്തു. 2-1, ബ്രസീലിന്റെ പതനം ഇങ്ങിനെയായിരുന്നു. ജേഴ്‌സിയുടെ നിര്‍ഭാഗ്യമാണോ ബ്രസീലിനെ ചതിച്ചത്?

ഗ്യാലറിയെ വിസ്മയിപ്പിക്കാന്‍ കരുത്തുള്ള കനേറിയന്‍ താരങ്ങള്‍ നിഷ്പ്രഭരായി. ഒന്നാം പകുതി കഴിഞ്ഞപ്പോള്‍ അധിക ഊര്‍ജവുമായി തിരിച്ചെത്തിയ ഹോളണ്ട് ആദ്യം ഗോള്‍ തിരിച്ചടിച്ചു. പിന്നെ വിജയ ഗോള്‍. ഇതിനിടെ ഫെലിപോ മെലോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തതോടെ ബ്രസീലിന് പരാജയത്തിലേക്കുള്ള യാത്രയായിരുന്നു.

10 ാം മിനിറ്റില്‍ ബ്രസീലിന്റെ റൊബീഞ്ഞോയാണ് ആദ്യഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോളി ജൂലിയസ് സീസറിനെ കബളിപ്പിച്ച് വെസ്‌ലി സ്‌നൈഡര്‍ ഹോളണ്ടിന്റെ മറുപടി നല്‍കി. മിനിറ്റുകള്‍ക്കു ശേഷം സ്‌നൈഡറിന്റെ കാലില്‍ നിന്ന് തന്നെ ഹോളണ്ടിന്റെ രണ്ടാം ഗോള്‍ പിറന്നു.

സമനില ഗോളിനായി ബ്രസീല്‍ നടത്തിയ പോരാട്ടം ഒടുവില്‍ ചുവപ്പ് കാര്‍ഡിലൊതുങ്ങി. പതിവിന് വിരുദ്ധമായി നീല ജഴ്‌സിയണിഞ്ഞ് കളത്തിലെത്തിയ ബ്രസീല്‍ കണ്ണൂനീരോടെ മടങ്ങി. 1974ന് ശേഷം ആദ്യമായാണ് ഹോളണ്ട് ലോകകപ്പില്‍ ബ്രസീലിനെ തോല്‍പിക്കുന്നത്.