റിയോഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവ് ദില്‍മ റസൂഫിന് മുന്‍തൂക്കം. എന്നാല്‍ കേവലഭൂരിപക്ഷം നേടാന്‍ സാധിക്കാത്തതിനാല്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ദില്‍മയ്ക്ക് 47 ശതമാനം വോട്ടു ലഭിച്ചു. മുഖ്യ എതിരാളിയും സോവോ പോളോ മുന്‍ ഗവര്‍ണറുമായ സെറയ്ക്ക് 32 ശതമാനം വോട്ടുലഭിച്ചു. ഗ്രീന്‍പാര്‍ട്ടി നേതാവ് മരിന സില്‍വ 19 ശതമാനം വോട്ടുനേടി മൂന്നാമതെത്തി.
നാലാഴ്ച്ചയ്ക്കുശേഷമാണ് രണ്ടാംഘട്ട വോട്ടിംഗ് നടത്തുക. രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ദില്‍മ പ്രതീക്ഷ പ്രകടിപ്പിച്ചു. ഗ്രീന്‍പാര്‍ട്ടി നേതാവ് മരിന സില്‍വ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് പ്രസിഡന്റി ലൂല സില്‍വയുടെ വലംകൈയ്യായ ദില്‍മയ്ക്ക് തിരിച്ചടിയായത്.