എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയുടെ ആദ്യ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബ്രജേഷ് മിശ്ര അന്തരിച്ചു
എഡിറ്റര്‍
Saturday 29th September 2012 12:29am

ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ ദേശീയ സുരക്ഷാ ഉപദേഷ്ടാവും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന ബ്രജേഷ് മിശ്ര (84)അന്തരിച്ചു.

ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മിശ്രയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് ദല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

Ads By Google

എ.ബി.വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് സുപ്രധാന നയതീരുമാനങ്ങളെ സ്വാധീനിച്ച അധികാരകേന്ദ്രമായിരുന്നു മിശ്ര. അക്കാലത്ത് ഒരേ സമയം ദേശരക്ഷാ ഉപദേഷ്ടാവ്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ പദവികള്‍ അദ്ദേഹം വഹിച്ചു.

എന്‍.ഡി.എ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ഓഫിസിലെ ഏറ്റവും ശക്തനായിരുന്ന ഇദ്ദേഹം, പൊക്രാന്‍2 ആണവപരീക്ഷണം, യു.എസ്, പാകിസ്ഥാന്‍ ചര്‍ച്ചകള്‍ എന്നിവയിലെല്ലാം പങ്കാളിയായിരുന്നു.

കഴിഞ്ഞവര്‍ഷം പത്മശ്രീ ബഹുമതി ലഭിച്ചു. നയതന്ത്രജ്ഞനായ മിശ്ര ദീര്‍ഘകാലം ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. വിരമിച്ചശേഷം 1991ലാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിപദവി ഏറ്റെടുക്കുന്നതിനായി 1998 മാര്‍ച്ചില്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. 1998 നവംബര്‍മുതല്‍ 2004 മെയ് വരെ ദേശരക്ഷാ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു.

ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായും നിരവധി രാജ്യങ്ങളില്‍ സ്ഥാനപതിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് പാര്‍ട്ടിപദവി ഒഴിഞ്ഞ്1998ല്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി. 2004 വരെ പദവിയില്‍ തുടര്‍ന്നു. സ്ഥാനമൊഴിഞ്ഞശേഷം ബി.ജെ.പിയുമായി നിരവധി സന്ദര്‍ഭങ്ങളില്‍ ഇടഞ്ഞ മിശ്ര, ഇന്ത്യഅമേരിക്ക ആണവകരാറിനെതിരായ ബി.ജെ.പി നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദ്വാരകാപ്രസാദ് മിശ്രയുടെ മകനാണ്.

Advertisement