നിങ്ങള്‍ ഇടതനാണോ അതോ വലതുപക്ഷക്കാരനാണോ? അതെന്റെ താല്‍പര്യമാണ് നിങ്ങളറിയേണ്ട കാര്യമില്ല എന്നതാണ് നിങ്ങളുടെ മറുപടിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. നിങ്ങളല്ല ഇക്കാര്യം നിശ്ചയിക്കുന്നതെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

നിങ്ങളുടെ രാഷ്ട്രീയ ചിന്താഗതി തിരഞ്ഞെടുക്കുന്നത് തലച്ചോറിന്റെ ആകൃതിയാണെന്നാണ് പുതിയ പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന റിസര്‍ച്ചിലാണ് ഇക്കാര്യം വ്യക്തമായത്.

ഇടത് നിലപാട് സൂക്ഷിക്കുന്നവരുടേയും വലത് നിലപാട് സൂക്ഷിക്കുന്നവരുടേയും തലച്ചോറിലെ പ്രധാന ഭാഗങ്ങളില്‍ നടത്തിയ പഠനത്തില്‍ കണ്ട വ്യത്യാസമാണ് ഈ നിഗമനത്തിലെത്തിച്ചത്. 90ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഈ റിസള്‍ട്ട് ലഭിച്ചത്.

എം.ആര്‍.ഐ സ്‌കാനര്‍ ഇവര്‍ ഉപയോഗിച്ച് തലച്ചോറിന്റെ പ്രധാന ഭാഗമായ ഗ്രേമാറ്റര്‍ പരിശോധിച്ചു. ഇവിടെയാണ് മനുഷ്യന്റെ കാഴ്ചപ്പാടുകളെയും വികാരങ്ങളെയും നിയന്ത്രിക്കുന്ന കോശങ്ങളുള്ളത്. കൂടാതെ വികാരങ്ങളോടുള്ള പ്രതികരണത്തെ നിയന്ത്രിക്കുന്ന അമിഗ്ഡാല ലോബ്‌സും ഇവര്‍ പരിശോധിച്ചിട്ടുണ്ട്. ഇടതന്‍മാരെന്ന് പറയുന്നവരില്‍ ഗ്രേമാറ്റര്‍ കട്ടികൂടിയതായാണ് കണ്ടെത്തിയത്. കൂടാതെ അമിഗ്ഡാല ലോബ് ചെറുതുമാണ് ഇവരില്‍.

ഇത് സംബന്ധിച്ച് കോളേജിലെ പ്രഫസര്‍ പറയുന്നതിതാണ്. തലച്ചോറിന്റെ ഭാഗങ്ങള്‍ക്ക് രാഷ്ട്രീയ ചിന്താഗതിയെ നിശ്ചയിക്കാമെന്ന കണ്ടെത്തല്‍ ഞങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

ഈ വാര്‍ത്തകേട്ട് സാധാരണക്കാര്‍ പലരുടെയും സംശയം ഇതാണ്, ഇതിനെയാണോ തലവര എന്നു പറയുന്നത് ?