ന്യൂയോര്‍ക്ക്:ഹോളിവുഡ് താരങ്ങളായ ബ്രാഡ് പിറ്റും ആഞ്ജലീനയും വിവാഹിതരാകുന്നു. 6 വര്‍ഷത്തോളമായി ഒരുമിച്ചു താമസിക്കുന്ന ഇവരുടെ വിവാഹക്കാര്യം ബ്രാഡ് പിറ്റ് തന്നെയാണ് മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രഖ്യാപിച്ചത്. വിവാഹം ഉടനുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ ആറ് കുട്ടികളുടെ അമ്മയായ ആഞ്ജലീനയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് കുട്ടികളുടെ ആവശ്യപ്രകാരമാണെന്നും 47 കാരനായ ബ്രാഡ് പിറ്റ് വെളിപ്പെടുത്തി. കുട്ടികള്‍ തങ്ങളോട് വിവാഹത്തെപറ്റി പലപ്പോഴും ചോദിക്കാറുണ്ടെന്നും വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിക്കാറുണ്ടെന്നും ബ്രാഡ് പറഞ്ഞു.

‘കുട്ടികള്‍ വിവാഹത്തെ പറ്റി ചോദിച്ചുതുടങ്ങി. അവര്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത് ആ കാര്യമാണ്. അതിനാല്‍ ഇതാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പറ്റിയ സമയമെന്ന് തോന്നുന്നു’ ബ്രാഡ് പിറ്റ്വ്യക്തമാക്കി. തികച്ചും സാധാരണക്കാരായിട്ടാണ് കുട്ടികളെ വളര്‍ത്തുകയെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ഭാര്യ ജെന്നിഫര്‍ ആനിസ്റ്റണുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം 2005 ലാണ് ബ്രാഡ് പിറ്റ് 35 കാരിയായ ആഞ്ജലീനയുമൊത്ത് താമസം തുടങ്ങിയത്.