ജയ്പൂര്‍: രാജസ്ഥാനില്‍ ഖാപ്പ് പഞ്ചായത്ത് 40കാരിയായ യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായി പീഡിപ്പിച്ചെന്ന് മകന്റെ വെളിപ്പെടുത്തല്‍. ആഗസ്റ്റ് രണ്ടിനാണ് പ്രേതബാധയുണ്ടെന്നാരോപിച്ച് ഖാപ്പ് പഞ്ചായത്ത് 40കാരിയായ യുവതിയെ കൊലപ്പെടുത്തിയത്.

ഗ്രാമവാസികള്‍ അമ്മയെ നഗ്നയാക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് സംഭവത്തിനു ദൃക്‌സാക്ഷിയായ 15കാരനായ മകന്‍ പറയുന്നത്. അവര്‍ സമീപത്തെ പറമ്പകളില്‍ നിന്നും മലം എടുത്തുകൊണ്ടുവന്ന് അമ്മയെക്കൊണ്ട് തീറ്റിക്കുകയും ഓടയിലെ വെള്ളം കുടിപ്പിക്കുകയും ചെയ്‌തെന്നും മകന്‍ വെളിപ്പെടുത്തുന്നു.

‘ഒന്നുകില്‍ നീ അകത്തുപോകൂ, അല്ലെങ്കില്‍ അമ്മയുടെ ഗതി തന്നെയാവും നിനക്കും.’ എന്നാണ് പീഡനത്തെ എതിര്‍ത്തപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയതെന്നും മകന്‍ പറയുന്നു.


Must Read: ഗോരഖ്പൂര്‍ ദുരന്തം: ഓക്‌സിജന്‍ ഇല്ലാതായപ്പോള്‍ സ്വന്തം കൈയില്‍ നിന്ന് കാശ് എടുത്ത് വാങ്ങിയ ഡോ:കഫീല്‍ ഖാനെ സസ്‌പെന്റ് ചെയ്തു


യുവതി മന്ത്രവാദിയാണെന്നാരോപിച്ച് ബന്ധുവായ ഒരു കൗമാരക്കാരിയും അവരുടെ സുഹൃത്തും രംഗത്തുവന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ പെണ്‍കുട്ടികളില്‍ ഒരാള്‍ അമ്മയുടെ മുടിപിടിച്ച് വലിച്ചിഴയ്ക്കുകയും മറ്റെയാള്‍ മര്‍ദ്ദിക്കാന്‍ ആരംഭിക്കുകയും ചെയ്‌തെന്ന് കുട്ടി പറയുന്നു.

‘ആ സമയത്ത് എട്ടുപത്തുപേര്‍ വന്നു. ചിലര്‍ അടുത്തുള്ള പ്രദേശങ്ങളില്‍ നിന്നും മലവും എടുത്തുകൊണ്ടുവന്നു. അവര്‍ എന്റെ അമ്മയെക്കൊണ്ട് മലംതീറ്റിച്ചു. ഓടയില്‍ നിന്നുമെടുത്ത വെള്ളം കുടിപ്പിച്ചു.’ അവന്‍ പറയുന്നു.

‘എന്റെ കരച്ചില്‍ അവര്‍ വകവെച്ചില്ല. അമ്മയെ അവര്‍ നഗ്നയാക്കി. എന്റെ അമ്മയെ നഗ്നയാക്കി നടത്തിക്കുന്നത് കണ്ടുനില്‍ക്കാനാവാതെ ഞാനവിടുന്ന് ഓടിപ്പോയി.’ അവന്‍ പറയുന്നു.

കത്തിക്കൊണ്ടിരിക്കുന്ന കല്‍ക്കരി ഉപയോഗിച്ച് ജനക്കൂട്ടം യുവതിയെ നേരിട്ടതായും മകന്‍ പറയുന്നു. പിറ്റേദിവസമാണ് യുവതി മരിച്ചത്.

യുവതിയെ കൊന്ന പാപം തീര്‍ക്കാന്‍ പുഷ്‌കറില്‍ പോയി മുങ്ങിവരാനാണ് ഖാപ്പ് പഞ്ചായത്ത് പെണ്‍കുട്ടികളോട് ആവശ്യപ്പെട്ടതെന്നാണ് മകന്‍ പറയുന്നത്.