എഡിറ്റര്‍
എഡിറ്റര്‍
സൗരവ് ഗംഗുലിയെ രാജ്യസഭയിലേക്ക് പരിഗണിച്ച് കോണ്‍ഗ്രസും സി.പി.എമ്മും
എഡിറ്റര്‍
Sunday 26th January 2014 6:39am

sourav-ganguli

ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ രാജ്യസഭയിലേക്ക് കോണ്‍ഗ്രസ്സും സി.പി.എമ്മും  പരിഗണിക്കുന്നു. തൃണമൂലിനെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കാനാണ് സി.പി.എം. തീരുമാനം.

ഇരുപാര്‍ട്ടികളും പൊതു സ്വീകാര്യനായ സ്ഥാനാര്‍ഥിയെ തേടുന്ന സാഹചര്യത്തിലാണ് ഗാംഗുലിയുടെ പേര് പരിഗണനയില്‍ വന്നത്.

ഇക്കാര്യം ഇടതുമുന്നണി അധ്യക്ഷന്‍ ബിമന്‍ ബോസാണ് പ്രഖ്യാപിച്ചത്. ബംഗാളിലെ അഞ്ച് രാജ്യസഭ സീറ്റുകളില്‍ ഒന്ന് സി.പി.എമ്മിന് ഉറപ്പാണ്. ഇതിലേക്ക് എസ്.എഫ്.ഐ. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി റിതബ്രത ബാനര്‍ജിയെ മത്സരിപ്പിക്കാനാണ് സി.പി.എം. തീരുമാനം.

ചരിത്രകാരന്‍ ഹുസനുള്‍ റഹ്മാന്‍, രാജ്യസഭാംഗവും മാധ്യമപ്രവര്‍ത്തകനുമായ അഹമ്മദ് സയീദ് മാലിഹാബതി എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവര്‍. അതേസമയം രാജ്യസഭാസീറ്റിനായി ഫോര്‍വേഡ് ബ്ലോക്ക് സി.പി.എമ്മിനെ സമീപിച്ചിട്ടുണ്ട്.

ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി, ചിത്രകാരന്‍ ജോഗന്‍ ചൗധരി, വ്യവസായി കെ.ഡി. സിങ്, അഹമ്മദ് ഹസന്‍ എന്നിവരാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച രാജ്യസഭാ സ്ഥാനാര്‍ഥികള്‍.

ബംഗാളില്‍ കോണ്‍ഗ്രസ്സിന്റെ സഹായം തേടിയതിനു പുറമെ തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെ.യുടെ പിന്തുണയോടെ സി.പി.എം. രാജ്യസഭയിലേക്ക് മത്സരിക്കും.

ജ്യോതിബസു മുഖ്യമന്ത്രിയായിരിക്കെ പരസ്യമായി സി.പി.എം. അനുഭാവം പ്രകടിപ്പിച്ചയാളാണ് സൗരവ് ഗാംഗുലി. ഗാംഗുലിയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസ്സിനും താല്‍പര്യമുണ്ടെന്നാണ് സൂചന. എന്നാല്‍ ഗാംഗുലി നിലപാട് വ്യക്തമാക്കിയിട്ടില്ല.

തൃണമൂല്‍ അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചെങ്കിലും നിരസിച്ചിരുന്നു.

Advertisement