ലണ്ടന്‍: ഇന്ത്യക്കെതിരെ എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലംണ്ട് ടീമില്‍ മധ്യനിരബാറ്റ്‌സ്മാന്‍ രവി ബൊപാരയെ ഉള്‍പ്പെടുത്തി.ട്രന്റ്ബ്രിഡ്ജില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ ഇടത് തോളിന് പരിക്കേറ്റ ജൊനാഥന്‍ ട്രോട്ടിന് പകരമാണ് ബൊപാര ടീമിലെത്തിയത്.

ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ എക്സ്സസിന് വേണ്ടി മികച്ച കളി പുറത്തെടുത്തതാണ് ബൊപ്പാരക്ക് ടീമില്‍ സ്ഥാനം നേടികൊടുത്തത്. അടുത്തിടെ ലങ്കാഷെയറിനെതിരെ നടന്ന മത്സരത്തില്‍ ബൊപ്പാര സെഞ്ചുറി കണ്ടെത്തിയിരുന്നു. 10 ടെസ്റ്റില്‍ നിന്നായി 3 സെഞ്ചുറിയടക്കം 502 റണ്‍സാണ് ടെസ്റ്റില്‍ ബൊപ്പാരയുടെ റണ്‍സ് സമ്പാദ്യം.

നേരത്തെ ട്രന്റ്ബ്രിഡ്ജില്‍ ഫീല്‍ഡിംഗിനിടെ രാഹുല്‍ ദ്രാവിഡിന്റെ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രോട്ടിന് പരിക്കേറ്റത്. തുടര്‍ന്ന കുറച്ച് സമയത്തെ പരിചരണത്തിന് ശേഷമാണ് ട്രോട്ട് ഫീല്‍ഡ് വിട്ടത്. പിന്നീട് രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചാമനായാണ് ട്രോട്ട് ക്രീസിലെത്തിയത്.