ന്യൂയോര്‍ക്ക്: ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും പാക്കിസ്താന്‍ പാര്‍ട്‌നര്‍ അയ്ഷാം അല്‍ ഖുറേഷിയും ചേര്‍ന്ന സഖ്യം യു എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ പുരുഷവിഭാഗം ഡബ്ബില്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം വനിതാ ഡബ്ബിള്‍സില്‍ സാനിയ മിര്‍സയും എലേന വെസ്‌നിനയും ചേര്‍ന്ന സംഖ്യം മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായി.

അഞ്ചാം സീഡുകളായ ഇന്തോ-പാക് സഖ്യം ആസ്‌ട്രേലിയയുടെ പോള്‍ ഹാന്‍ലി ബെല്‍ജിയത്തിന്റെ ഡിക്ക് നോര്‍മാന്‍ സംഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 6-3. രണ്ട് സെറ്റ് മാത്രമെടുത്ത മത്സരം ഒരു മണിക്കൂറനുള്ളില്‍ അവസാനിച്ചു. സീഡ് ചെയ്യപ്പെടാത്ത ബ്രിട്ടന്റെ കോളിന്‍ ഫ്‌ളെമിംഗ്, റോസ് ഹച്ചിന്‍സ് സംഖ്യത്തെയാണ് ഇന്തോ-പാക്ക് ജോഡികള്‍ ക്വാര്‍ട്ടറില്‍ നേരിടുക.

അതേസമയം ഇന്ത്യന്‍ ടെന്നീസ് പ്രേമികളെ നിരാശയിലാഴ്ത്തി സാനിയ-വെസ്‌നിന ജോഡി മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായി. ആറാം സീഡുകളായ ഇന്തോ-റഷ്യന്‍ സംഖ്യം ഒന്‍പതാം സീഡുകളായ ചെക്ക് റിപ്പബ്ലിക്കിന്റെ ഇവേട്ടാ ബെനസോവ, ബാര്‍ബറോ സഹലോവ ജോഡികളോടാണ് കീഴടങ്ങിയത്. മത്സരത്തില്‍ 31 അണ്‍ഫോര്‍സ്ഡ് ഇറേഴ്‌സുകളാണ് ഇന്ത്യോ-റഷ്യന്‍ സംഖ്യം വരുത്തിയത്.