sanchi

ഫാസിസം ആഗോള പ്രതിഭാസമായ്, മരണദൂതുമായ് ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്ക് തന്റെ കഴുകന്‍ കാലുകള്‍ അമര്‍ത്തിവെക്കുന്നു എന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അന്തര്‍ദേശീയ രാഷ്ട്രീയത്തെ ആശങ്കാകുലമാക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഒറ്റത്തുരുത്തുകളില്‍ വിഹരിച്ച വേട്ടമൃഗങ്ങള്‍ ഇന്ന് എവിടെയും ഏത് വിധത്തിലും വ്യാപരിക്കുന്നു. ഫാസിസം വേഷപ്രച്ഛന്നമായ് ദേശീയതയും വംശീയതയും വിളംബരം ചെയ്യുന്ന ഇന്ത്യയില്‍ സൃഷ്ടിക്കുന്ന ഭീതിയുടെ വേലിയേറ്റങ്ങള്‍ നമുക്ക് മുമ്പിലുണ്ട്.

രക്തപൂരിതമായ വിപ്ലവങ്ങള്‍ അടയാളപ്പെടുത്തിയ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെ മതബോധം പകര്‍ന്നു നല്‍കിയ ചില ആശയങ്ങള്‍ സ്വാധീനിച്ചിരുന്നുവെന്നത് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയ വസ്തുതയാണ്. ലോകാവസാനത്തിനു ശേഷം സ്വര്‍ഗരാജ്യം സ്ഥാപിക്കപ്പെടുമെന്ന മതബോധത്തില്‍ നിന്നുണ്ടായ ഉപബോധ മനസ്സിലെ ധൈര്യമാണ് പല ഏകാധിപതികളെയും വംശഹത്യയ്ക്ക് പ്രേരിപ്പിച്ചത്.

അര്‍മീനിയയിലും ഹോളോകോസ്റ്റിലും ബംഗ്ലാദേശിലും കംബോഡിയയിലും റുവാന്‍ഡയിലും കുര്‍ദിലും ബോസ്‌നിയയിലും മാത്രമല്ല, അതിന്റെ ലാഞ്ചന ഇങ്ങ് ഇന്ത്യയില്‍ ഗുജറാത്ത് നരഹത്യ വരെ എത്തി നില്‍ക്കുന്നത് നാം കണ്ടു. ഹിറ്റ്‌ലറും മുസോളനിയും സ്റ്റാലിനും പോള്‍പോട്ടും ഈദി അമീനും ഉള്‍പ്പെടെ കൂട്ടക്കൊലയുടെ പാപ പങ്കിലമായ ചരിത്രം സ്വന്തമായുള്ള നേതാക്കളുടെ പട്ടിക നീണ്ടു കിടക്കുന്നു.

വംശഹത്യയിലേക്കും ഫാസിസത്തിലേക്കും നയിക്കുന്ന മനോഭാവത്തെ വിശകലന വിധേയമാക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം മാത്രമല്ല, മനശാസ്ത്രപരവും മതപരവുമായ വ്യവഹാരങ്ങള്‍ ധാരാളം കണ്ടെത്താം. പിറന്ന മണ്ണില്‍ നിന്ന് രാഷ്ട്രീയ-ഭരണകൂട ഭീകരതയാല്‍ പലായനം ചെയ്യപ്പെടാന്‍ നിര്‍ബന്ധിതരാവുന്ന, ഉന്മൂലന ഭീഷണി നേരിടുന്ന ഒരു ജനതയെ സംബന്ധിച്ച് മരണഭയം എന്നും കൂട്ടിരിപ്പാണ്. വര്‍ത്തമാന ലോകവും ഇന്ത്യയും അഭിമുഖീകരിക്കുന്ന ഫാസിസ്റ്റ്‌വത്കരണ ഭീഷണിയുടെ പശ്ചാത്തലത്തില്‍, തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട ചിന്തകളാണ് ജീവന്‍ ജോബ് തോമസിന്റെ ‘മരണത്തിന്റെ ആയിരം മുഖങ്ങള്‍’ എന്ന പുസ്തകം.

അനാദികാലം മുതലുള്ള മനുഷ്യന്റെ മരണഭയത്തെയും ശാസ്ത്രീയബോധത്തെയും ലോകാവസാന സങ്കല്പത്തെയും സാമൂഹ്യരാഷ്ട്രീയ വ്യവഹാരങ്ങളെയും അപഗ്രഥനം ചെയ്യാന്‍, ആനുകാലിക ശാസ്ത്ര സാഹിത്യ രചനയിലൂടെ ശ്രദ്ധേയനായ ജീവന്‍ജോബ് തോമസിന് സാധിക്കുന്നു.

മരണം, മരണാനന്തര ജീവിതം എന്നിവയെ കുറിച്ചുള്ള സംവാദങ്ങളും ഭയപ്പാടുകളും മനുഷ്യന്റെ ബോധകാലം മുതല്‍ അവനെ വേട്ടയാടുന്ന സമസ്യയാണല്ലോ. ബൈബിളിലും ഖുര്‍ആനിലും കഠോപനിഷത്തുള്‍പ്പെടെയുള്ള പുരാണേതിഹാസങ്ങളിലും മരണത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും ചിന്താധാരകളെ ദാര്‍ശനികമായ് വിശകലനം ചെയ്യുന്നു. എന്നിട്ടും ദുരൂഹതലങ്ങള്‍ ബാക്കിയാക്കി മരണം എന്ന സംജ്ഞ നമ്മെ അലട്ടുന്നു.

വിശ്വാസവും ശാസ്ത്രവും കലഹിക്കുമ്പോഴും മരണത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ അനന്തമായ് നീളുന്നു. നമ്മെ ഓരോരുത്തരെയും തേടി വരുന്ന മരണം വ്യക്തിപരമാണെങ്കില്‍ കൂട്ടത്തോടെ തേടി എത്തുന്നതിനെ ദുരന്തമെന്ന പേരിലാണ് വിവക്ഷിക്കാറുള്ളത്. വംശീയ കൂട്ടക്കൊലകള്‍ അത്തരത്തിലുള്ള ദുരന്തമാണ്.

jeevan-job-thomsa

ജീവന്‍ ജോബ് തോമസ്

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിനിധാനം ചെയ്യുന്നത് വംശീയതയുടെ രാഷ്ട്രീയമാണ്. മോദി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനും സമാനതകള്‍ ഏറെ. പരിസ്ഥിതിക്ക് അനുകൂലമായ് രൂപപ്പെട്ടത് പ്രകൃതിയില്‍ അതിജീവിക്കുമെന്നാണ് ചാള്‍സ് ഡാര്‍വിന്‍ നിരീക്ഷിച്ചത്. നിലനില്‍പിന് വേണ്ടിയുള്ള യുദ്ധത്തില്‍ പ്രകൃതിവിരുദ്ധമായതൊന്നും അതിജീവിക്കില്ല.

ട്രംപും മോദിയും അവരവരുടെ കാലത്ത് വിവിധ വംശങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ ആഗ്രഹിക്കുന്നത് അതിലൂടെ കരഗതമാകുന്ന സ്വര്‍ഗരാജ്യം എന്ന ഉട്ടോപ്യന്‍ സങ്കല്പം തന്നെയാണ്. മരണത്തെ അതിജീവിക്കുന്ന മനുഷ്യന്‍ എന്ന വലിയ സയന്റിഫിക്ക് മിത്തിന്റെ രൂപപ്പെടലുകളുടെ ചരിത്രം ഒരുപാട് മനുഷ്യക്കുരുതികളുടെ ചരിത്രം കൂടിയാണെന്ന് ജീവന്റെ പഠനം സമര്‍ത്ഥിക്കുന്നു.

മരണം ഒരു യാഥാര്‍ത്ഥ്യമാണെന്നത് ശാസ്ത്രവും വിശ്വാസസംഹിതകളും ഒരുപോലെ അടിവരയിട്ട വസ്തുതയാണ്. ഒരു മനുഷ്യായുസ്സിനുള്ളില്‍ വരിക്കേണ്ട നഗ്നമായ സത്യമാണത്. ഈ യാഥാര്‍ത്ഥ്യത്തെ ബോധപൂര്‍വമോ അബോധപൂര്‍വമോ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഓരോ സെക്കന്റും കടന്നുപോകുന്നത്. ഒരിക്കല്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് ചോദിച്ചു-ഈ ലോകത്ത് നിന്നെ അത്ഭുതപ്പെടുത്തിയത് എന്താണ്?

അടുത്ത പേജില്‍ തുടരുന്നു