ന്യൂദല്‍ഹി: എഴുത്തുകാരിയും ബുക്കര്‍പ്രൈസ് ജേതാവുമായ അരുന്ധതി റോയിയുടെ പുസ്തക പ്രകാശന ചടങ്ങ് അലങ്കോലമായി. ചില ഹിന്ദു സംഘടനാ പ്രവര്‍ത്തകരാണ് ചടങ്ങിനിടയില്‍ പ്രശ്‌നമുണ്ടാക്കിയത്.

ദല്‍ഹിയില്‍ ഇന്ത്യാ ഹാബിറ്റാറ്റ് സെന്റര്‍ ഹാളില്‍ സംഘടിപ്പിച്ച ദ ബ്രൊക്കണ്‍ റിപ്പബ്ലിക് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങാണ് അലങ്കോലമായത്. ഭാരത് മാതാ കീ ജയ്, അരുന്ധതി മൂര്‍ദാബാദ് എന്നീ മുദ്രാവാക്യങ്ങളുമായി വന്ന ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ പുസ്തകങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്തു. ഇതിനിടയില്‍ ചിലര്‍ അരുന്ധതിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച് സംഘടിച്ചതോടെ അന്തരീക്ഷം വഷളാവുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.