വാഷിങ്ടണ്‍ : അല്‍ ഖ്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്റെ വധത്തെക്കുറിച്ച് പറയുന്ന പുസ്തകം സെപ്റ്റംബര്‍ 11ന് പുറത്തിറങ്ങും. ലാദനെ വധിച്ച അമേരിക്കന്‍ നാവിക സേനയുടെ പ്രത്യേക സംഘത്തിലെ അംഗമാണ് പുസ്തകം എഴുതിയിരിക്കുന്നത് മാര്‍ക്ക് ഓവന്‍ എന്ന തൂലികാനാമത്തില്‍ എഴുതിയിരിക്കുന്ന പുസ്തകം മാധ്യമപ്രവര്‍ത്തകനായ കെവിന്‍ മോററുമായി സഹകരിച്ചാണ് തയ്യാറാക്കിയത്. സൈന്യത്തില്‍ നിന്നും വിരമിച്ചാണ് മാര്‍ക്ക് ഓവന്‍ പുസ്തകരചനയില്‍ ഏര്‍പ്പെട്ടത്. ‘ നോ ഈസി ഡേ’ എന്നാണ് പുസ്തകത്തിന്റെ പേര്.

Ads By Google

ലാദന്‍ ഒളിവില്‍ കഴിഞ്ഞ അബാട്ടാബാദിലെ കെട്ടിടത്തില്‍ മൂന്നാം നിലയിലെ ലാദന്റെ മുറിയില്‍ ആദ്യം കടന്നെത്തിയ കമാന്‍ഡോകളില്‍ ഒരാളാണ് ലേഖകന്‍. ലാദന്‍ കൊല്ലപ്പെടുമ്പോഴും അടുത്തുണ്ടായിരുന്നെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. 3000 ഓളം പേരുടെ മരണത്തിനിടയാക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ വാര്‍ഷികത്തിലാണ് പുസ്തകം പുറത്തിറക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

പെന്‍ഗ്വിന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ഡട്ടണ്‍ ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതേസമയം, സങ്കീര്‍ണ്ണവും രഹസ്യവിവരങ്ങളുമടങ്ങിയ പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്. മുന്‍ രഹസ്യാന്വേഷണ  ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും പുസ്തകത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ലാദന്റെ വധം ഒബാമ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ലാദനെ വധിച്ചതിന്റെ ഖ്യാതി ഒബാമ കൈവശപ്പെടുത്തുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.

അമേരിക്കന്‍ നാവികസേനയിലെ പ്രത്യേക വിഭാഗമായ ‘നേവി സീല്‍’ കമാന്‍ഡോകളാണ് 2011 മെയ് രണ്ടിന് പാക്കിസ്ഥാനിലെ അബാട്ടാബാദില്‍ രഹസ്യ ഓപ്പറേഷനിലൂടെ ബിന്‍ ലാദനെ വധിച്ചത്. ഓപ്പറേഷന്‍ ‘നെപ്റ്റിയൂണ്‍ സ്റ്റാര്‍’ എന്നായിരുന്നു പദ്ധതിയുടെ പേര്.