എഡിറ്റര്‍
എഡിറ്റര്‍
ഇന്ദിരാ ഗാന്ധി തെലങ്കാനയെ അനുകൂലിച്ചിരുന്നു: കിരണ്‍ കുമാര്‍ റെഡ്ഡിക്കെതിരെ വെളിപ്പെടുത്തല്‍
എഡിറ്റര്‍
Sunday 24th November 2013 6:20pm

indira-gandi

ഹൈദരാബാദ്: ഐക്യ ആന്ധ്രപ്രദേശിന് വേണ്ടിയായിരുന്നു അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ശ്രമിച്ചിരുന്നത് എന്ന ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുടെ വാദം പൊളിയുന്നു. സംസ്ഥാന പുന:സംഘടനാ വേളയില്‍ തെലങ്കാനയ്ക്ക് ഉന്നത പരിഗണന നല്‍കണമെന്നായിരുന്നു ഇന്ദിരയുടെ താല്‍പര്യമെന്ന് വെളിപ്പെടുത്തല്‍.

തെലങ്കാനയെക്കുറിച്ചുള്ള പുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.

ഐക്യരാഷ്ട സഭയുടെ രക്ഷാസമിതിയില്‍ പാക്കിസ്ഥാന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അവര്‍ക്ക് തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നത്. പരാതി നിലനില്‍ക്കുന്നതിനാല്‍ ഐക്യ ആന്ധ്രയെ പിന്തുണയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതയായി.

‘സംസ്ഥാന പുന:സംഘടന: ആന്ധ്രയെക്കുറിച്ച് ഒരു പഠനം’എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉള്ളത്. മുന്‍ സൈനികോദ്യോഗസ്ഥനായ ലിങ്കാല പാണ്ഡുരംഗ റെഡ്ഡിയാണ് ഈ വിവാദകൃതി രചിച്ചിരിക്കുന്നത്.

ബംഗ്ലാദേശിന് സ്വാതന്ത്ര്യം നേടാന്‍ സഹായിച്ചതിനെ തുടര്‍ന്ന് അവരുടെ പ്രശസ്തി അത്യുന്നതങ്ങളില്‍ എത്തി നില്‍ക്കുന്ന സമയത്ത് തെലങ്കാനയിലെ ജനങ്ങള്‍ അവര്‍ക്ക് തിരിച്ചടി നല്‍കിയതിനെക്കുറിച്ചും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

തെലങ്കാന എന്ന വികാരത്തിന്റെ തീവ്രത ഇന്ദിരാ ഗാന്ധിയെ അമ്പരപ്പിച്ചിരുന്നു എന്ന് റെഡ്ഡി എഴുതുന്നു. ഇന്തോ-പാക് യുദ്ധം, ബംഗ്ലാദേശ് വിമോചനസമരം എന്നിവയെ തുടര്‍ന്ന് ഉപഭൂഖണ്ഡത്തില്‍ അവര്‍ നേടിയെടുത്ത നേതൃപദവി തെലങ്കാനയിലെ ജനങ്ങളെ സ്വാധീനിച്ചതേയില്ല.

തെലങ്കാന മുന്നേറ്റത്തെ നയിക്കാനായി 1971-ല്‍ തെലങ്കാന പ്രജാ സമിതി എന്നൊരു രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിക്കപ്പെട്ടു. അതേ വര്‍ഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രദേശത്ത് ആകെയുള്ള 14 ലോക്‌സഭ സീറ്റുകളില്‍ പത്തും ഈ പാര്‍ട്ടി നേടി.

സ്വന്തം സംസ്ഥാനം എന്ന ജനങ്ങളുടെ സ്വപ്‌നം നടത്തിക്കൊടുക്കാതെ അവരുടെ ഇടയില്‍ സ്വാധീനം കിട്ടില്ലെന്ന് ബോധ്യമായ ഇന്ദിരാ ഗാന്ധി തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ തന്നെ തീരുമാനിച്ചു. വിശദാംസങ്ങള്‍ പഠിക്കാനായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി.എന്‍ ഹക്‌സറിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഹൈദരാബാദ് സംസ്ഥാനത്തെ കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ പെന്‍ഡിങ്ങിലുള്ള കേസിനെ കുറിച്ച് അന്നത്തെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ടി.എന്‍ കൗളാണ് അവരെ ഓര്‍മ്മിപ്പിച്ചത്. പ്രശ്‌നത്തില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്ന് കൗള്‍ ഉപദേശിച്ചു.

‘കൗള്‍ ഇക്കാര്യം തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.’ പാണ്ഡുരംഗ റെഡ്ഡി പറയുന്നു.

ശനിയാഴ്ചയാണ് പുസ്തകം പുറത്തിറങ്ങിയത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി എസ്. ജയ്പാല്‍ റെഡ്ഡിയാണ് പുസ്തകം പ്രകാശനം ചെയ്യാമെന്നേറ്റിരുന്നത്. എന്നാല്‍ അദ്ദേഹം ചടങ്ങില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ബി. സുദര്‍ശന്‍ റെഡ്ഡിയാണ് അധ്യക്ഷനായത്.

ഗോര്‍ഖ റൈഫിള്‍സിന്റെ കമാന്‍ഡറായിരുന്നു പാണ്ഡുരംഗ റെഡ്ഡി. 1969-ല്‍ വാറങ്കലില്‍ നടന്ന തെലങ്കാന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ടത് ഗോര്‍ഖ റൈഫിള്‍സാണ്.

വാറങ്കലില്‍ വെടിവെയ്പ് നടക്കാത്തതിനാല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കാസു ബ്രഹ്മാനന്ദ റെഡ്ഡി അസന്തുഷ്ടനായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. പ്രക്ഷോഭത്തിന്റെ പിന്നിലുള്ള സാമൂഹ്യ-സാമ്പത്തിക കാരണങ്ങള്‍ മനസ്സിലാക്കിയ താനാണ് വെടിയുതിര്‍ക്കാന്‍ ഉത്തരവിടുന്നതില്‍ നിന്നും ലെഫ്റ്റനന്റ് കേണല്‍ അജ്മീര്‍ സിങ്ങിനെ വിലക്കിയതെന്നും റെഡ്ഡി അവകാശപ്പെടുന്നു.

സൈനിക ആയുധങ്ങളുടെ പ്രദര്‍ശനത്തിലൂടെയും താക്കീതുകളിലൂടെയും ആരംഭത്തില്‍ തന്നെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സാധിച്ചു. 1969 ഫെബ്രുവരിയിലായിരുന്നു ഇത്.

അതേ വര്‍ഷം ജൂണില്‍ വീണ്ടും സമരം തലപൊക്കിയപ്പോള്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും എ.ആര്‍.പി.എഫിനെ വിളിക്കാനാണ് കാസു തുനിഞ്ഞത്. അന്ന് നടന്ന വെടിവെയ്പില്‍ 369 പേരാണ് കൊല്ലപ്പെട്ടത്.

റെഡ്ഡിയുടെ അഭിപ്രായത്തില്‍ കാസു മുതലുള്ള എല്ലാ മുഖ്യമന്ത്രിമാരും പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്.

പുതിയ സംസ്ഥാനത്തിന്റെ രൂപീകരണം മാവോയിസത്തെ പ്രോത്സാഹിപ്പിക്കും എന്നുള്ള വാദങ്ങളെയും റെഡ്ഡി തിരസ്‌കരിക്കുന്നു. ഛണ്ഡീഗഢിലെ ആന്ധ്ര നക്‌സല്‍ നേതാക്കളുടെ പ്രചരണമാണിത്. ഇതിന് കാരണമായത് 2009 ഡിസംബര്‍ 9-ന് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ പ്രസ്താവനയും.

‘ഛണ്ഡീഗഢില്‍ ആന്ധ്ര നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുന്നു. തെലങ്കാന സംസ്ഥാനം രൂപീകരിക്കപ്പെട്ടാല്‍ അത് നക്‌സലുകളുടെ ആസ്ഥാനമാകുമെന്ന തരത്തിലും പ്രചരിക്കപ്പെടുന്നുണ്ട്.’ എന്നായിരുന്നു ചിദംബരത്തിന്റെ പ്രസ്താവന.

Advertisement