Administrator
Administrator
ബോംബെ രവി അന്തരിച്ചു
Administrator
Wednesday 7th March 2012 9:29pm

bombay-ravi-

മുംബൈ: പ്രശസ്ത സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു. വൈകീട്ട് അഞ്ച് മണിയോടെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി ഹിന്ദി, മലയാള ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.

രവിശങ്കര്‍ ശര്‍മ്മ എന്ന ബോംബെ രവി 1962ല്‍ ദല്‍ഹിയിലാണ് ജനിച്ചത്. അക്കാദമിക് പഠനത്തിലൂടെയല്ലാതെ തീക്ഷണമായ ജീവിത സാഹചര്യങ്ങളിലൂടെ സംഗീതത്തെ കണ്ടെത്തിയ പ്രതിഭയായിരുന്നു അദ്ദേഹം. അഛന്‍ പാടുന്ന ഭജന്‍ കേട്ടാണ് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ ബോംബെ രവി പഠിക്കുന്നത്.

പഞ്ചാഗ്നി എന്ന ചിത്രത്തിലൂടെ ഹരിഹരനും എം.ടിയുമാണ് ബോംബെ രവിയെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഗൃഹാതുരത്വത്തിന്റെ തേനൂട്ടി അദ്ദേഹം നല്‍കിയ ഒരുകൂട്ടം നല്ല ഗാനങ്ങള്‍ ഇന്നും മലയാളിയുടെ നെഞ്ചിലുണ്ട്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന സിനിമക്ക് വേണ്ടിയാണ് മലയാളത്തില്‍ അവസാനമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. പഞ്ചാഗ്നി, മയൂഖം എന്നീ ചിത്രങ്ങള്‍ കൂടാതെ ബോംബെ രവി മലയാളത്തിലല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചതില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ഇവയാണ്: നഖക്ഷതങ്ങള്‍, വൈശാലി, പരിണയം, ഒരു വടക്കന്‍ വീരഗാഥ, സര്‍ഗം, സുകൃതം, പാഥേയം.

സലീല്‍ ചൗധരിയെപ്പോലെ നിരവധി സംവിധായകര്‍ മലയാള ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. പലരും ആദ്യം സംഗീതം ചിട്ടപ്പെടുത്തുകയും സംഗീതത്തിന് പാകമായ വരികള്‍ എഴുതിക്കുകയും ചെയ്യുന്ന രീതി പിന്തുടര്‍ന്നപ്പോള്‍, ആദ്യം വരികള്‍ എഴുതിച്ച് സംഗീതം നല്‍കുന്ന രീതിയാണ് ബോംബെ രവി സ്വീകരിച്ചിരുന്നത്. അവിടെ ഭാഷയോ മറ്റു ഘടകങ്ങളോ അദ്ദേഹത്തിന് തടസ്സമായിരുന്നില്ല.

കവി ഒ.എന്‍.വി കുറുപ്പ് ബോംബെ രവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. നഖക്ഷതങ്ങള്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ക്ക് വരികള്‍ എഴുതി ബോംബെ രവിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുള്ള കാര്യം ഒ.എന്‍.വി അനുസ്മരിച്ചു. അതിനപ്പുറത്തുള്ള വ്യക്തി ബന്ധം രവിയുമായി ഉണ്ടായിരുന്നെന്നും ഒ.എന്‍.വി കുറുപ്പ് കൂട്ടിച്ചേര്‍ത്തു.

Malayalam news

Kerala news in English 

 

Advertisement