മുംബൈ: ഹോക്കി ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ബോംബെ ഹൈക്കോടതി മൂന്നാഴ്ച്ചത്തേക്ക് സ്‌റ്റേ ചെയ്തു. മുംബൈ ഹോക്കി അസോസിയേഷന്‍ സമര്‍പ്പിച്ച് ഹരജിയിലാണ് ഹൈക്കോടതി വിധി. ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുവെന്ന് ആരോപിച്ചാണ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

മുംബൈ ഹോക്കി അസോസിയേഷന് അംഗീകാരം നല്‍കുന്ന കാര്യം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ജനുവരിയിലായിരുന്നു കോടതി ഹോക്കി ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ഹോക്കി ഇന്ത്യ ഇത് തള്ളുകയായിരുന്നു. ഇതിനെതിരേയായിരുന്നു അസോസിയേഷന്‍ ഹരജി നല്‍കിയത്. ജൂലൈ 31 നകം തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ ആവശ്യപ്പെട്ടിരുന്നു.