മുംബൈ: ദീപാവലി ദിനത്തില്‍ ആഗോള റിലീസിങ്ങിന് കാത്തുനില്‍ക്കുന്ന ഷാറൂഖ്ഖാന്റെ ബോളിവുഡ് ചിത്രം ‘രാ വണ്‍’ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ഒരു കോടി രൂപ കെട്ടിവെക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവ്. സിനിമയുടെ ഇതിവൃത്തത്തിന്റെ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ടെലിവിഷന്‍ എഴുത്തുകാരനായ യാഷ് പട്‌നായ്ക് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ മോഹിത് ഷാ, റോഷന്‍ ദാല്‍വി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടെന്ന് പ്രഥമദൃഷ്ടാ ബോധ്യമായതായി കോടതി പറഞ്ഞു.

Subscribe Us:

മറ്റുള്ളവരുടെ ആശയങ്ങളില്‍ സിനിമയെടുക്കുകയും അവര്‍ക്ക് അര്‍ഹിക്കുന്ന അവകാശം നല്‍കാതിരിക്കുകയും ചെയ്യുന്നത് സിനിമാലോകത്ത് പതിവാണെന്നും കോടതി ചൂണ്ടിക്കാട്ടി. ശനിയാഴ്ചയോടെ പണം കോടതിയില്‍ കെട്ടിവെച്ചില്ലെങ്കില്‍ സിനിമയുടെ പ്രദര്‍ശനം സ്‌റ്റേ ചെയ്യുന്ന ഉത്തരവ് നിലവില്‍വരുമെന്ന് കോടതി വ്യക്തമാക്കി.

ഷാരൂഖ്ഖാന്റെ റെഡ് ചില്ലീസ് എന്റടെയ്ന്‍മെന്റ് കമ്പനിയാണ് ‘രാ വണ്‍’ നിര്‍മിച്ചത്. ചിത്രത്തിന്റെ കഥ തന്റേതാണെന്ന അവകാശവാദവുമായാണ് പട്‌നായക് കോടതിയെ സമീപിച്ചത്. റാ വണില്‍ ഷാരൂഖ്ഖാന്‍ അവതരിപ്പിക്കുന്ന സൂപ്പര്‍ ഹീറോ തന്റെ സീരിയലിലെ ‘സൂപ്പര്‍ വില്ലനെ’ മാതൃകയാക്കിയാണെന്നാണ് യാഷ് പട്‌നായ്ക്കിന്റെ വാദം. 2006ലെ സീരിയലില്‍ സൂപ്പര്‍ വില്ലന്റെ പേരും ‘വണ്‍’ എന്നാണെന്ന് പട്‌നായ്ക് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

തന്റെ കഥ 2006ല്‍ ‘രാ വണി’ന്റെ തിരക്കഥാകൃത്ത് മുസ്താഖ് ശൈഖുമായി ചര്‍ച്ചചെയ്തതായും പട്‌നായ്ക് അവകാശപ്പെട്ടു. പട്‌നായ്ക്കിന്റെ സൂപ്പര്‍ വില്ലന്‍ ‘വണും’ ഷാറൂഖ് അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മില്‍ സാമ്യമുണ്ടെന്ന് കോടതി വിലയിരുത്തി. വാദം കേള്‍ക്കല്‍ പിന്നീട് തുടരും. കഥയുടെ അവകാശം നല്‍കുകയോ അല്ലെങ്കില്‍ ലാഭത്തിന്റെ പത്തു ശതമാനം നല്‍കുകയോ വേണമെന്നാണ് പട്‌നായ്ക് ആവശ്യപ്പെടുന്നത്.

ദീപാവലി വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിന് തയാറെടുക്കുന്ന ‘രാ വണി’ന്റെ വിതരണാവകാശം 150 കോടിക്കാണ് വിറ്റത്. ഈ വര്‍ഷം ജനുവരി മുതല്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു.