മുംബൈ: തനിക്കെതിരേ ബി.സി.സി.ഐ എടുത്ത നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐ.പി.എല്‍. മുന്‍ ചെയര്‍മാന്‍ ലളിത് മോഡി നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി.

ബി സി സി ഐ അച്ചടക്ക സമിതിക്കു മുമ്പാകെ ഹാജരാവണമെന്ന് മോഡിയോട്് കോടതി ആവശ്യപ്പെട്ടു. ബി.സി.സി.ഐ. ഒരു സൊസൈറ്റി ആണെന്നും അതിനകത്തെ വിഷയം ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും ബോര്‍ഡിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

മോഡിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ബി.സി.സി.ഐ. രൂപവത്കരിച്ച കമ്മിറ്റിയില്‍ വിശ്വാസമില്ലെന്നും ഒരു പക്ഷപാതവുമില്ലാത്ത സ്വതന്ത്രാംഗങ്ങളോടുകൂടിയ ഒരു കമ്മിറ്റിയായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നുമാണ് മോഡിയുടെ അഭിഭാഷകന്‍ വാദിച്ചത്.