മുംബൈ: 26/11 മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അജ്മല്‍ അമീര്‍ കസബിന്റെ കാര്യത്തില്‍ പുന:പരിശോധന വേണമോ എന്ന കാര്യത്തില്‍ ബോംബെ ഹൈക്കോടതിയില്‍ വാദം തുടങ്ങി. വധശിക്ഷ സ്ഥിരീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇതിലാണ് വാദംകേള്‍ക്കല്‍ ആരംഭിച്ചിരിക്കുന്നത്.

കനത്ത സുരക്ഷയാണ് ഹൈക്കോടതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷാഭീഷണി കണക്കിലെടുത്ത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് വാദംകേള്‍ക്കല്‍. ഇതിനായി കോടതിയില്‍ പ്രത്യേക സ്‌ക്രീനും സ്ഥാപിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ രജ്ഞന ദേശായി, ആര്‍ വി മോറെ എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേള്‍ക്കുക.

സര്‍ക്കാര്‍ കൗണ്‍സിലര്‍ ഉജ്ജ്വല്‍ നിഗം കസബിന്റെ വധശിക്ഷ ശരിവയ്ക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ വാദിക്കും. അമീന്‍ സോല്‍ക്കാര്‍, ഫര്‍ഹാനാ ഷാ എന്നിവരാണ് കസബിനായി കോടതിയില്‍ വാദിക്കുന്നത്.