കണ്ണൂര്‍: കണ്ണൂര്‍ കളക്ടറേറ്റ് ബോംബ് വച്ചു തകര്‍ക്കുമെന്നും അസി. കളക്ടര്‍ വീണയെ തട്ടിക്കൊണ്ടു പോകുമെന്നും ഭീഷണി. ഇന്നുരാവിലെ കളക്ടറേറ്റിലെ ഫോണിലാണ് അജ്ഞാത ഭീഷണി ലഭിച്ചത്.

ഇതേ തുടര്‍ന്ന് കളക്ടറേറ്റില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ക്കുള്ള സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷന്‍, ബസ്സ്റ്റാന്‍ഡ്, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാകാര്യങ്ങളില്‍ ജാഗ്രത പാലിക്കുന്നതിനുള്ള മോക്ഡ്രില്ലിന്റെ ഭാഗമായുള്ള വ്യാജ ഭീഷണിയാണോ ഇതെന്ന സംശയമുണ്ട്. തിരുവനന്തപുരത്ത് നിന്നാണു ഫോണ്‍ വന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതാണ് ഈ സംശയത്തിനു വഴിവച്ചത്. എങ്കിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.