കാഠ്മണ്ഡു: ബോംബ് ഭീഷണിയെ തുടര്‍ന്ന് കാഠ്മണ്ഡുവില്‍ നിന്ന് ദല്‍ഹിയിലേക്ക് സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഒരു യാത്രക്കാരന്‍ പൈലറ്റിനെ അറിയിച്ചതിനെത്തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് വിവരം അറിയിക്കുകയായിരുന്നു.

ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. വിമാനത്തിലെ 170 യാത്രക്കാരെയും പുറത്തിറക്കി പരിശോധന നടത്തി. വിമാനത്തില്‍ പരിശോധന തുടരുകയാണ്. സ്‌പൈസ് ജെറ്റിന്റെ എസ്.ജി-42 വിമാനത്തിലായിരുന്നു സംഭവം. പ്രാദേശിക സമയം രാവിലെ 10.40 നായിരുന്നു വിമാനം പറന്നുയര്‍ന്നത്.

അതേസമയം, കാഠ്മണ്ഡു വിമാനത്താവളം അടച്ചിട്ടതായി അധികൃതര്‍ അറിയിച്ചു. നേപാള്‍ ആഭ്യന്തര മന്ത്രി വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.