എഡിറ്റര്‍
എഡിറ്റര്‍
റെയില്‍പാളത്തില്‍ ബോംബ് വെച്ച സംഭവം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് നേരെ അന്വേഷണം
എഡിറ്റര്‍
Friday 24th August 2012 11:45am

കൊച്ചി:  എറണാകുളം – കോട്ടയം റെയില്‍പ്പാതയില്‍ പിറവം റോഡ് റയില്‍വേ സ്‌റ്റേഷന് സമീപം പൈപ്പ് ബോംബ് കണ്ടെത്തിയ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി എംപാനല്‍ ഡ്രൈവറായ സെന്തിലിന്‌ നേരെ അന്വേഷണം ആരംഭിച്ചു.

Ads By Google

സെന്തിലും ഇന്നലെ പൊലിസ് ചോദ്യം ചെയ്ത തോമസും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ സെന്തില്‍ മുന്‍പും തോമസിനെ കുടുക്കാന്‍ ശ്രമിച്ചിരുന്നുവത്രേ. തോമസിനെ കുടുക്കാന്‍ വേണ്ടി  സെന്തില്‍ തോമസിന്റെ പേരും ബൈക്കിന്റെ നമ്പരും ബോംബ് വച്ച ചോറ്റുപാത്രത്തില്‍ വയ്ക്കുകയായിരുന്നുവെന്നും കരുതുന്നു.

അതേസമയം സെന്തില്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങിയതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. നിലവില്‍ കേസ് അന്വേഷണം നടത്തുന്നത് ക്രൈംബ്രാഞ്ചാണ്. കേസ് കേരള പോലീസില്‍ നിന്നും കൈമാറിയതായുള്ള ഡി.ജി.പിയുടെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഡി.വൈ.എസ്.പി ബിജു.കെ.സ്റ്റീഫന് ആണ് അന്വേഷണ ചുമതല.

സെന്തിലിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. കാഞ്ഞിരപ്പള്ളി, പാല ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് വെളിയനാടുള്ള സെന്തിലിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ എടക്കാട്ടുവയല്‍ സ്വദേശി തോമസിനൊപ്പമായിരുന്നു പോലീസ് പരിശോധനയ്ക്ക് എത്തിയത്. ബോംബ് നിര്‍മിക്കുന്നതിനാവശ്യമായ ചില വസ്തുക്കള്‍ പോലീസ് ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ഗൗരവമുളള കേസായി പരിഗണിച്ചതുകൊണ്ടാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. എന്‍.ഐ.എയും ക്രൈംബ്രാഞ്ചും പൊലീസ് അന്വേഷണവുമായി ഇന്നലെ മുതല്‍ തന്നെ സഹകരിച്ചിരുന്നു.

 

വെള്ളൂര്‍ തോന്നല്ലൂരില്‍ ട്രാക്കിനോട് ചേര്‍ന്ന സിഗ്നല്‍ ബോക്‌സിന്റെ കോണ്‍ക്രീറ്റ് തറയില്‍ ഇന്നലെ രാവിലെ 9.45നാണ് ബോംബ് കണ്ടെത്തിയത്. വന്‍ ശേഷിയില്ലായിരുന്നെങ്കിലും ഉഗ്രസ്‌ഫോടനങ്ങളില്‍ ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് ആണ് ഇതിലും ഉപയോഗിച്ചതെന്നു ബോംബ് സ്‌ക്വാഡ് പരിശോധനയില്‍ തെളിഞ്ഞിരുന്നു.

Advertisement