പാറ്റ്‌ന: ബിഹാറിലെ പച്ചോക്കര്‍ ഗ്രാമത്തില്‍ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവര്‍ നടത്തിയ ബോംബുസ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു.

ഔറംഗാബാദ് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സ്‌ഫോടനം നടന്നത്. സംസ്ഥാനത്തെ അവസാനഘട്ട വോട്ടിംഗ് തടസപ്പെടുത്താനായി മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ബോംബ് പോലീസ് നിര്‍വീര്യമാക്കാനായി മാറ്റിയിരുന്നു. എന്നാല്‍ ഒരുദിവസം മുഴുവന്‍ ബോംബ് പൊട്ടാതെ കിടക്കുകയും ഇന്ന് രാവിലെ ഗ്രാമീണര്‍ എത്തിയപ്പോള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സ്‌ഫോടനത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഔറംഗാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതിനിടെ ബിഹാറില്‍ എന്‍ ഡി എ-ജെ ഡി യു സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. സി എന്‍ എന്‍-ഐ ബി എന്‍ നടത്തിയ എക്‌സിറ്റ് പോളില്‍ സഖ്യം 185 മുതല്‍ 201 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു. സ്റ്റാര്‍ ചാനല്‍ നടത്തിയ പോളില്‍ സഖ്യം 150ലധികം സീറ്റുകള്‍ നേടുമെന്നും സൂചനയുണ്ട്.