തിരുവന്തപുരം: തിരുവന്തപുരത്ത് വിമാനത്തില്‍ നിന്നും നാടന്‍ ബോംബ് കണ്ടെത്തി. ബാംഗ്ലൂരില്‍ നിന്ന് തിരുവന്തപുരത്തേക്ക് വന്ന കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഐ ടി 4731 വിമാനത്തിലാണ് നാടന്‍ ബോംബ് കണ്ടെത്തിയത്. മലയാളം പത്രത്തില്‍ പൊതിഞ്ഞ നിലയിലായിരുന്നു ബോംബ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് ബോംബ് നിര്‍വ്വീര്യമാക്കി.

സംഭവത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. സിവില്‍ വ്യോമയാന സെക്യൂരിറ്റി വിഭാഗത്തിനാണ് അന്വേഷണച്ചുമതല. ആഭ്യന്തര മന്ത്രാലയവും സംഭവത്തേക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. ഇതേക്കുറിച്ച് സംസ്ഥാന പോലീസ് അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംഭവം സുരക്ഷാവീഴ്ചയോ എന്നത് അന്വേഷണത്തിനു ശേഷമേ വ്യക്തമാകുവെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ എം ആര്‍ അജിത്കുമാര്‍ പറഞ്ഞു.

യാത്രക്കാരെ ഇറക്കിയ ശേഷം കാര്‍ഗോ മാറ്റി വിമാനം വൃത്തിയാക്കുന്ന ജോലിക്കാരില്‍ ഒരാളാണ് കാര്‍ഗോ സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഒളിപ്പിച്ചുവെച്ച നിലയില്‍ നാടന്‍ ബോംബ് കണ്ടെത്തിയത്.