ബഗ്ദാദ്: ബുധനാഴ്ച ഇറാഖിലെ വിവിധ നഗരങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 43 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ടുകുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളെ ലക്ഷ്യം വച്ചായിരുന്നു ്ആക്രമണങ്ങള്‍.

ബാഗ്ദാദിനടുത്തുള്ള കുട്ട് നഗരത്തിലെ പോലിസ് സ്‌റ്റേഷനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ 17പോലിസുകാര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേറ്റു. ബോംബു സ്ഥാപിച്ച കാര്‍ പോലിസ് സ്‌റ്റേഷനിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു അക്രമി.

തലസ്ഥാന നഗരമായ ബഗ്ദാദിലെ ഒരു പോലിസ് സ്‌റ്റേഷനു സമീപമുണ്ടായ കാര്‍ ബോംബു സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ നാലു പേര്‍ പോലിസുകാരാണ്.

കര്‍ബല മാര്‍ക്കറ്റിലുണ്ടായ കാര്‍ബോംബു സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെയും പോലിസ് സ്‌റ്റേഷനു സമീപമാണ് സ്‌ഫോടനമുണ്ടായത്.

ഫലൂജയിലുണ്ടായ വിവിധ സ്‌ഫോടനങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പോലിസ് പട്രോളിനെ ലക്ഷ്യം വച്ച് നടത്തിയ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബോംബു സ്ഥാപിക്കുന്നതിനിടെ ഒരാള്‍ കൊല്ലപ്പെട്ടതായും പോലിസ് പറഞ്ഞു.

റാമഡിയിലുണ്ടായ കാര്‍ബോംബു സ്‌ഫോടനത്തില്‍ രണ്ടു പോലിസുകാര്‍ ഉള്‍പ്പടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. കര്‍കുക്കിലുണ്ടായ കാര്‍ ബോംബു സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒമ്പതു പേര്‍ക്കു പരിക്കേറ്റു. ദിയാല പ്രവിശ്യയിലെ ബാകുബയിലുണ്ടായ കാര്‍ബോംബു സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 18 പേര്‍ക്കു പരിക്കേറ്റു.