agra hospital bomb blastന്യൂദല്‍ഹി: ആഗ്രയില്‍ ആശുപത്രിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റു. താജ്മഹലിനടുത്തുള്ള ജയ് ആസ്പത്രിയുടെ റിസപ്ഷനിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ റിസ്പഷന്‍ പരിസരം തകര്‍ന്നു. സ്‌ഫോടനത്തില്‍ ജനല്‍ ചില്ലുകളും റിസപ്ഷനിലുണ്ടായ ഫര്‍ണ്ണിച്ചറുകളും തകര്‍ന്നിട്ടുണ്ട്. ആഗ്ര-കാണ്‍പൂര്‍ ഹൈവേയിലുള്ള ആശുപത്രിയില്‍ ഒരു ബാഗില്‍ ഒളിപ്പിച്ചുവെച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു.

അതീവ സുരക്ഷാപ്രാധ്യാനമുള്ള താജ്മഹലിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയിലുള്ള ആശുപത്രിയില്‍ ഉഗ്രസ്‌ഫോടനമല്ല ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആഗ്ര റേഞ്ച് ഐ.ജി പി.കെ തിവാരി പറഞ്ഞു. ഭീകരവിരുദ്ധ സേനയും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.