കണ്ണൂര്‍: പാനൂര്‍ വൈദ്യര്‍പീടികയില്‍ ബോംബ് പൊട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. തിരുവാഴൂര്‍ ദാറുല്‍ ഹുദാ മദ്രസയില്‍ ഏഴാം തരത്തില്‍ പഠിക്കുന്ന അജ്‌നാസ്, സിനാന്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഓട്ടോറിക്ഷയില്‍ വന്നവര്‍ ബോംബെറിയുകയായിരുന്നെന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ മദ്രസയില്‍ നിന്നു ചായ കുടിക്കാന്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ റോഡരികിലുണ്ടായിരുന്ന ഐസ്‌ക്രീം കപ്പില്‍ ഒളിപ്പിച്ച ബോംബില്‍ ചവിട്ടുകയായിരുന്നെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരങ്ങള്‍. കുട്ടികള്‍ക്ക് കാലിനാണ് പരിക്കേറ്റിട്ടുള്ളത്.
സ്‌ഫോടനം നടന്ന് ഏറെ കഴിഞ്ഞാണ് വിവരം പരസ്യമായത്. കണ്ണൂര്‍ എസ്. പി.യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്്. മുഖ്യമന്ത്രി ഇന്ന് പാനൂര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.