എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂര്‍ ടൗണ്‍ എസ്.ഐയുടെ വീടിന് നേരെ ബോംബേറ്
എഡിറ്റര്‍
Sunday 24th November 2013 6:36am

bomb-explosion

കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് ക്വാര്‍ട്ടേഴ്‌സിന് നേരെ ബോംബേറ്. കണ്ണൂര്‍ ടൗണ്‍ എസ്.ഐ സനലിന്റെ ക്വാര്‍ട്ടേഴ്‌സിന് നേരെയാണ് അക്രമികള്‍ ബോംബെറിഞ്ഞത്. ബോംബേറില്‍ വീട് ഭാഗികമായി തകര്‍ന്നു. വീടിന്റെ ജനല്‍ചില്ലുകളും  തകര്‍ന്നിട്ടുണ്ട്്.

പുലര്‍ച്ച രണ്ടേ മുക്കാലോടെയാണ് എസ്.ഐയുടെ ക്വാര്‍ട്ടേഴ്‌സിന് നേരെ ബോംബേറുണ്ടായത്. എസ്.ഐയും കുടുംബവും ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. അക്രമം കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്നും രണ്ട് സറ്റീല്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തു.

ടൗണ്‍ സി.ഐ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത്  എത്തിച്ചേര്‍ന്നിട്ടുണ്ട്. കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ് നടത്തിയ കേസിലെ പ്രധാന സാക്ഷിയാണ് സനല്‍ കുമാര്‍.

ഈ കേസ് അന്വേഷിക്കുന്ന സംഘാംഗവുമാണ് സനല്‍. കേസില്‍ സനല്‍കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.

കേസിലെ പ്രധാന പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.  കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി രജീഷ് ആണ് അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറിയാണ് രജീഷ്. മറ്റ് രണ്ട് പേരായ ദീപകിനെയും രതീഷിനെയും പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 27 നാണ് സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞത്. സംഭവത്തില്‍ 80ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

Advertisement