പയ്യന്നൂര്‍: ഇടതുപക്ഷ ഏകോപന സമിതി പ്രവര്‍ത്തകനെ കാറില്‍ എത്തിയ സംഘം ബോംബെറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ പയ്യന്നൂര്‍ പുഞ്ചക്കാട്ടെ എം.സുധാകരന്‍ (48)നെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് ഇടതുപക്ഷ ഏകോപന സമിതി ആരോപിച്ചു.

ബോംബേറില്‍ സുധാകരന്റെ കാല് തകര്‍ന്ന നിലയിലാണ്. ശരീരത്തില്‍ വെട്ടേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമാണ്. പുഞ്ചക്കാട്ട് ഫര്‍ണ്ണിച്ചര്‍ കട നടത്തുകയാണിദ്ദേഹം. നേരത്തെ ഡി.വൈ.എഫ്.ഐ രാമന്തലി വില്ലേജ് സെക്രട്ടറിയായിരുന്നു.

നാലു വര്‍ഷം മുന്‍പാണ് സുധാകരന്‍ ഇടതുപക്ഷ ഏകോപന സമിതിയില്‍ ചേര്‍ന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുവേണ്ടി പ്രവര്‍ത്തിച്ചു എന്ന ആരോപണം സുധാകരനുനേരെ ഉണ്ടായിരുന്നു. ഇതാണ് അക്രമത്തിന് പ്രേരണയായതെന്നാണ് ഇടുതപക്ഷ ഏകോപനസമിതി നേതാക്കള്‍ പറയുന്നത്.